
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെക്കുറിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ വസ്തുത പരിശോധിക്കാൻ അന്വേഷണ യൂണിറ്റ് രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം കൈയോടെ സ്റ്റേ ചെയ്ത് സുപ്രീംകോടതിയുടെ തിരിച്ചടി. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ച് ബുധനാഴ്ചയാണ് വിജ്ഞാപനമിറക്കിയത്.
2023ലെ ഐ.ടി ചട്ട ഭേദഗതിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയിൽ ഹർജിയുണ്ട്. ഇതിൽ അന്തിമതീർപ്പ് വരും വരെ സുപ്രീംകോടതി സ്റ്റേ തുടരും. ഐ.ടി ചട്ടഭേദഗതി ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്യാത്തതിനും ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരണത്തിനുമെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ, സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കാമ്ര തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് നടപടി.
ഐ.ടി ചട്ട ഭേദഗതി സംബന്ധിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നതെന്നും ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരണം സ്റ്റേ ചെയ്യാൻ പ്രഥമദൃഷ്ട്യാ കാരണങ്ങളുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അടിച്ചമർത്താൻ ശ്രമമെന്ന്
സർക്കാർ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെന്ന് ഹർജിക്കാർ. വ്യാജം, തെറ്രിദ്ധരിപ്പിക്കുന്നത് എന്നൊക്കെപ്പറഞ്ഞ് നീക്കം ചെയ്യിക്കും. ഇല്ലെങ്കിൽ സെൻസർഷിപ്പാവും ഫലം
വിയോജിപ്പുകൾ അടിച്ചമർത്താനാണ് ശ്രമം. ഉള്ളടക്കം നീക്കം ചെയ്യും മുൻപ് പോസ്റ്റ് ചെയ്തയാൾക്ക് നോട്ടീസ് നൽകാൻ പോലും വ്യവസ്ഥചെയ്തിട്ടില്ല
പൊതുതിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരിലേക്ക് എത്തുന്ന വിവരങ്ങൾ നിയന്ത്രിക്കാൻ ഫാക്ട് ചെക്ക് യൂണിറ്റിനെ ഉപകരണമായി ഉപയോഗിച്ചേക്കും
വ്യാജ വാർത്ത നേരിടാനെന്ന്
ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ചത് കേന്ദ്രസർക്കാരിനെതിരെയുള്ള വ്യാജവാർത്തകളെ നേരിടാനാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു
ഗവ. ബിസിനസ് വിഷയങ്ങളിൽ മാത്രമാണ് നിയന്ത്രണം. പ്രധാനമന്ത്രിയെ ആരെങ്കിലും വിമർശിച്ചാൽ സംവിധാനത്തിന്റെ പരിധിയിൽ വരില്ല
ഫാക്ട് ചെക്ക് യൂണിറ്റ് സംബന്ധിച്ച ചട്ടങ്ങളെ ഒരു സാമൂഹ്യമാദ്ധ്യമ പ്ലാറ്റ് ഫോം പോലും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല