
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ട് വഴി ഡി.എം.കെയ്ക്ക് 509 കോടി സംഭാവന നൽകിയ വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാർട്ടികൾക്ക് വാരിക്കോരി കൊടുത്തതിന്റെ കണക്കുകൾ പുറത്ത്. ഏറ്റവുമധികം തുക ലഭിച്ചത് തൃണമൂൽ കോൺഗ്രസിനാണ് - 542 കോടി. വൈ.എസ്.ആർ കോൺഗ്രസിന് 154 കോടിയും, ബി.ജെ.പിക്ക് 100 കോടിയും നൽകി. കോൺഗ്രസിനും കിട്ടി 50 കോടി.
സിക്കിമിലെ രാഷ്ട്രീയപാർട്ടികൾക്കും പണം ലഭിച്ചു. മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനി 1368 കോടി രൂപയുടെ ബോണ്ടാണ് വാങ്ങിക്കൂട്ടിയത്. റിലയൻസുമായി ബന്ധമുണ്ടെന്ന് പറയുന്ന ക്വിക് സപ്ലൈ ചെയിൻ ബി.ജെ.പിക്ക് 375 കോടി നൽകി. ശിവസേനയ്ക്ക് 25 കോടിയും, എൻ.സി.പിക്ക് 10 കോടിയും സംഭാവന ചെയ്തു.
സുപ്രീംകോടതിയുടെ കടുത്ത നിലപാടിനെ തുടർന്ന് തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ യൂണിക് ആൽഫാ ന്യൂമറിക് നമ്പർ അടക്കം എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. കോടതി നിർദ്ദേശ പ്രകാരം ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്രിലൂടെ പുറത്തു വിടുകയായിരുന്നു. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങളാണിത്.
അതേസമയം, രാഷ്ട്രീയപാർട്ടികളുടെ അക്കൗണ്ട് നമ്പരുകളുടെ പൂർണവിവരവും, കെ.വൈ.സി വിശദാംശങ്ങളും പരസ്യമാക്കില്ലെന്ന് എസ്.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അക്കൗണ്ടുകളുടെ സുരക്ഷയെ ബാധിക്കും. സുരക്ഷാകാരണങ്ങളാൽ തന്നെ, ബോണ്ട് വാങ്ങിയവരുടെ കെ.വൈ.സി വിവരങ്ങളും പരസ്യമാക്കുന്നില്ലെന്നും എസ്.ബി.ഐ ചെയർമാൻ ദിനേശ് കുമാർ ഖാരാ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മദ്യനയക്കേസും ബോണ്ടും
മദ്യനയക്കേസിൽ അറസ്റ്റിലായ ഹൈദരാബാദിലെ വ്യവസായി പി. ശരത് ചന്ദ്ര റെഡ്ഡി ഡയറക്ടറായ അരബിന്ദോ ഫാർമയും ബോണ്ട് വാങ്ങി. 52 കോടിയുടെ ബോണ്ടുകൾ മാറ്റിയതിൽ 34.5 കോടിയും ബി.ജെ.പിക്കാണ്. ബി.ആർ.എസിന് 15 കോടിയും, ടി.ഡി.പിക്ക് 2.5 കോടിയും നൽകി.