
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്തിന്റെ രൂപത്തിൽ 'വികസിത് ഭാരത് സമ്പർക്ക' സന്ദേശം വാട്ട്സ്ആപ്പ് വഴി അയയ്‌ക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. സന്ദേശങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പ്രതിപക്ഷ കക്ഷികളുടെ പരാതിയെ തുടർന്നാണ്, സന്ദേശങ്ങൾ അയയ്‌ക്കരുതെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്.
സർക്കാരിന്റെ വിവിധ നയങ്ങളും പദ്ധതികളും വിശദീകരിക്കുന്ന സന്ദേശത്തിൽ സ്വീകർത്താക്കളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്കും ഒപ്പമുണ്ട്. സന്ദേശം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ തൃണമൂൽ കോൺഗ്രസ് സന്ദേശം അയ്‌ക്കാൻ ഐടി മന്ത്രാലയം ആളുകളുടെ മൊബൈൽ നമ്പർ ശേഖരിച്ചതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പ് സന്ദേശത്തിനെതിരെ ആദ്യം രംഗത്തു വന്നതും തൃണമൂലാണ്. പിന്നീട് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളും എതിർത്തു. സന്ദേശങ്ങൾ മാർച്ച് 15ന് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അയച്ചതാണെന്നും സാങ്കേതിക കാരണങ്ങളാൽ വൈകിയാണ് പലർക്കും ലഭിച്ചതെന്നും ഐടി മന്ത്രാലയം വിശദീകരിച്ചിരുന്നു.