h

ന്യൂഡൽഹി: 'മോദി പരിവാർ'(മോദിയുടെ കുടുംബം), മോദിയുടെ ഗാരണ്ടി" എന്നീ പേരുകളിലുള്ള ബി.ജെ.പിയുടെ പരസ്യങ്ങൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പരസ്യങ്ങളിൽ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സായുധ സേനകളെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം പരസ്യം സംപ്രേക്ഷണം ചെയ്യാൻ നിർബന്ധിതരാകുന്നു.

മോദികി ഗ്യാരണ്ടി എന്ന ടാഗ്‌ലൈനോടെ ഡൽഹി മെട്രോയിൽ പ്രദർശിപ്പിച്ച പരസ്യങ്ങളും നീക്കണമെന്നും ആവശ്യമുണ്ട്. 2ജി അഴിമതിയെ പരാമർശിക്കുന്ന പരസ്യം ജുഡീഷ്യൽ പ്രക്രിയയെ അപമാനിക്കുന്നുവെന്നാണ് കോൺഗ്രസ് പരാതി. കോടതി തീർപ്പാക്കിയ വിഷയമാണ് ആവർത്തിച്ച് പരാമർശിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ ലെറ്റർഹെഡിൽ തയ്യാറാക്കിയ കത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, പെട്രോൾപമ്പുകൾ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിയുടെ ചിത്രങ്ങളും പരസ്യബോർഡുകളും തിരഞ്ഞെടുപ്പ് സമയത്ത് നീക്കം ചെയ്യണം. ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ സമൂഹമാദ്ധ്യമ ഹാൻഡിലിൽ വന്ന പോസ്റ്റിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു.