d

ന്യൂഡൽഹി: ജാതി സെൻസസിനെ പിന്തുണയ്‌ക്കുന്നത് മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നിലപാടുകളെ അനാദരിക്കലാകുമെന്ന് പ്രവർത്തകസമിതി അംഗം ആനന്ദ് ശർമ്മ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് കത്തയച്ചു. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്താനുള്ള പാർട്ടിയുടെ നീക്കത്തിനെതിരെ മുതിർന്ന നേതാവ് രംഗത്തു വന്നത് കോൺഗ്രസിനെ വെട്ടിലാക്കി.
ജാതി സെൻസസ് കോൺഗ്രസിന്റെ ചരിത്രപരമായ നിലപാടിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആനന്ദ് ശർമ്മ കത്തിൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഒരിക്കലും സ്വത്വ രാഷ്ട്രീയത്തെ പിന്തുണച്ചിട്ടില്ല. അതിൽ നിന്നുള്ള മാറ്റം ഉത്കണ്ഠാജനകമാണ്. പ്രദേശം, മതം, ജാതി, വംശം തുടങ്ങിയ വൈവിധ്യങ്ങളുള്ള ഒരു സമൂഹത്തിൽ അത് ജനാധിപത്യത്തിന് ഹാനികരമാണ്. ദേശീയ പാർട്ടി എന്ന നിലയിൽ, ദരിദ്രർക്കും അധഃസ്ഥിതർക്കും തുല്യതയ്ക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള നയങ്ങൾ രൂപീകരിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസിനുണ്ട്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇതേ നിലപാടാണ് പുലർത്തിയത്. നിലപാട് മാറ്റം അവരുടെ പൈതൃകത്തെ അനാദരിക്കലാവും. രാഷ്ട്രീയ എതിരാളികൾക്ക് ഇത് ആയുധമാകുമെന്നും ആനന്ദ് ശർമ്മ ചൂണ്ടിക്കാട്ടി.

2010ൽ ജാതി സെൻസസിനെ ശക്തമായി എതിർത്ത മൻമോഹൻ സിംഗ് സർക്കാരിലെ കേന്ദ്രമന്ത്രിമാരിൽ ആനന്ദ് ശർമ്മയും ഉണ്ടായിരുന്നു. ആർ.ജെ.ഡി നിർബന്ധത്തിന് വഴങ്ങി ജാതി സെൻസസ് നടത്തിയെങ്കിലും വിവരങ്ങൾ പുറത്തുവിട്ടില്ല.