aravind-kejriwal

ന്യൂഡൽഹി: 2021 നവംബറിൽ ഡൽഹി സർക്കാർ മദ്യനയം അവതരിപ്പിച്ചു. ചില്ലറ മദ്യവിൽപന രംഗത്തുനിന്ന് സർക്കാർ പിൻമാറി സ്വകാര്യമേഖലയ്‌ക്ക് കൈമാറി. ചില്ലറ വിൽപന ലൈസൻസ് വിതരണത്തിൽ അഴിമതിയെന്ന് ആരോപണം. വിവാദം കനക്കുകയും സി.ബി.ഐ അന്വേഷണം തുടങ്ങുകയും ചെയ്‌തതിന് പിന്നാലെ 2022 ജൂലായ് 28ന് മദ്യനയം പിൻവലിച്ച് പഴയതുപോലെ വിൽപന സർക്കാർ ഏറ്റെടുത്തു. മദ്യനയ അഴിമതിയിൽ സി.ബി.ഐയും കള്ളപ്പണഇടപാടിൽ ഇ.ഡിയും അന്വേഷിക്കുന്നു. 2022 ജൂലായ് 20ന് ഡൽഹി ലെഫ്. ഗവർണർ വിനയ് കുമാർ സക്‌സേനയുടെ ശുപാർശ പ്രകാരമാണ് സി.ബി.ഐ കേസെടുത്തത്. 2023 ഏപ്രിലിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സി.ബി.ഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്‌തു.

ഇഷ്‌ടക്കാർക്ക് മദ്യ ലൈസൻസ് വിതരണം ചെയ്‌തതിന് കോഴ വാങ്ങിയെന്നും അത് ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരോപണമുയർന്നു. കേസിൽ അറസ്റ്റിലായ ഇടനിലക്കാരനും മലയാളിയുമായ വിജയ് നായരുമായി കേജ്‌രിവാളിന് നേരിട്ട് ബന്ധമുണ്ടെന്ന് സി.ബി.ഐ.

കഴിഞ്ഞ 11ന് ബി.ആർ.എസ് നേതാവ് കെ. കവിത അറസ്റ്റിലായ ശേഷമാണ് കേജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്ന് ഇ.ഡി ആരോപിച്ചത്.

സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ആം ആദ്‌മി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. മുംബയ് വ്യവസായി വിജയ് നായർ, തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്ര പിള്ള എന്നീ മലയാളികളും പ്രതികൾ.

സി.ബി.ഐ ആരോപണം

 മുംബയിലെ ഒൺലി മച്ച് ലൗഡർ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സി.ഇ.ഒയായ അഞ്ചാം പ്രതി വിജയ് നായർ, ഏഴാം പ്രതി ബ്രിൻഡ്‌കോ സ്‌പിരിറ്റ് കമ്പനി ഉടമ അമൻദീപ് ധാൽ, എട്ടാം പ്രതി ഇൻഡോ സ്‌പിരിറ്റ് കമ്പനി ഉടമ സമീർ മഹേന്ദ്രു എന്നിവർക്കൊപ്പമാണ് സിസോദിയയും ഉദ്യോഗസ്ഥരും എക്‌സൈസ് നയത്തിന് രൂപം നൽകിയത്.

 മദ്യത്തിന്റെ ചില്ലറ വിൽപനയ്‌ക്കും ബാറുകൾക്കും ലൈസൻസ് അനുവദിക്കാനുള്ള കൈക്കൂലിപ്പണം വിജയ് നായരാണ് ഉദ്യോഗസ്ഥർക്കും സർക്കാരിലെ ഉന്നതർക്കും എത്തിച്ചത്.

രണ്ട് വർഷം നീണ്ട നടപടികൾ

2022 ആഗസ്റ്റ് 17: മദ്യനയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ സി.ബി.ഐ കേസ്
2022 ആഗസ്റ്റ് 19: സിസോദിയയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്
2022 സെപ്തംബർ 6: 40 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്
2022 നവംബർ 25: സിസോദിയ അടക്കം ഏഴ് പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം
2022 നവംബർ 30: ഗുഡ്ഗാവ് ആസ്ഥാനമായുള്ള വ്യവസായി അമിത് അറോറയെയും സിസോദിയയുടെ അടുത്ത സഹായിയെയും ഇ.ഡി അറസ്റ്റ് ചെയ്തു
2022 ഡിസംബർ 2: ചോദ്യം ചെയ്യലിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനും മകൾ കവിതയ്‌ക്കും സി.ബി.ഐ സമൻസ്
2023 ജനുവരി 6: 12 പ്രതികളെ ഉൾപ്പെടുത്തി ഇ.ഡി കുറ്റപത്രം
2023 ഫെബ്രുവരി 26: സിസോദിയെ സി.ബി.ഐ അറസ്റ്റ് ചെയ്‌തു
2023 ഫെബ്രുവരി 28: മന്ത്രിസ്ഥാനത്ത് നിന്ന് സിസോദിയയുടെ രാജി
2023: ഒക്ടോബർ 1: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്‌മി നേതാവ് സഞ്ജയ് സിംഗ് അറസ്റ്റിൽ

2024 മാർച്ച് 11: ബി.ആർ.എസ് നേതാവ് കവിത അറസ്റ്റിൽ

2024: മാർച്ച് 21: അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിൽ