arvind-kejriwal

ന്യൂഡൽഹി : കേന്ദ്ര ഏജൻസികളുടെ അറസ്റ്ര് ഏത് നിമിഷവും പ്രതീക്ഷിക്കുന്നുവെന്ന് അരവിന്ദ് കേജ്‌രിവാളും, ആം ആദ്മിയും ആവർത്തിച്ച് പറയുന്നതിനിടെയാണ് ഇന്നലെ രാത്രിയിലെ സംഭവങ്ങൾ. മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും, രാജ്യസഭാ എം.പി സഞ്ജയ് സിംഗും തീഹാർ ജയിലിലാണ്. 2023 ഫെബ്രുവരി 26ന് സിസോദിയയെ സി.ബി.ഐയും, ഒക്ടോബർ നാലിന് സഞ്ജയ് സിംഗിനെ ഇ.ഡിയുമാണ് അറസ്റ്ര് ചെയ്തത്. സഞ്ജയ് സിംഗിന്റെ ഡൽഹിയിലെ വീട്ടിൽ പന്ത്രണ്ട് മണിക്കൂർ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്.

മാർച്ച് 15ന് ഹൈദരാബാദിലെ വസതിയിൽ നിന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്രസമിതി നേതാവുമായ കെ. കവിതയെയും ഇ.ഡി അറസ്റ്ര് ചെയ്തു. കവിത, കേജ്‌രിവാളുമായും സിസോദിയയുമായും ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി പറയുന്നത്. ആം ആദ്മി നേതാക്കൾക്ക് 100 കോടി കൈമാറിയതിൽ കവിതയ്ക്ക് പങ്കുണ്ടെന്നും ആരോപിക്കുന്നു.

കേസും ആരോപണങ്ങളും

2021-22ലെ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയത് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയാണ്. നയപ്രകാരം സ്വകാര്യ ഷോപ്പുകൾക്ക് മാത്രമായിരുന്നു മദ്യവിൽപ്പനയ്ക്ക് അനുമതി. കരിഞ്ചന്ത തടയുകയും, വരുമാനം വർദ്ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. വിവാദമായതോടെ നയം പിൻവലിച്ചു.

1. 2021ലെ മദ്യനയത്തിൽ വെള്ളം ചേർത്തെന്ന് കേസ്

2. സിസോദിയ സൂത്രധാരനെന്ന് സി.ബി.ഐയും ഇ.ഡിയും

3. നൂറ് കോടി സിസോദിയക്കും കൂട്ടുപ്രതികൾക്കും ലഭിച്ചു

4. ആം ആദ്മി കമ്മ്യൂണിക്കേഷൻ മേധാവി മലയാളി വിജയ് നായർ കൂട്ടുപ്രതി

5. വിജയ് നായ‌ർ, അഭിഷേക് ബോയിൻപളളി, ദിനേശ് അറോറ എന്നിവർ വഴിയായിരുന്നു പണമിടപാടുകൾ

6. വിജയ് നായർ കേജ്‌രിവാളിനും സിസോദിയക്കും വേണ്ടി ഇടനിലക്കാരനായി

7. സൗത്ത് മദ്യലോബിക്ക് വേണ്ടി നേതാക്കളുടെ ഇടപെടലുകൾ

8. ഡൽഹിയിലെ 30% മദ്യവിൽപന പിടിക്കുകയായിരുന്നു സൗത്ത് കാർട്ടലിന്റെ ലക്ഷ്യം