
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലാകുന്ന 32-ാമത്തെ പ്രതിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നാലാമത്തെ രാഷ്ട്രീയപ്രമുഖനും. 100 കോടിയുടെ ഇടപാടിൽ കേജ്രിവാളിന് പങ്കുണ്ടെന്ന നിലപാടിലാണ് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിലാണ് ആം ആദ്മി പാർട്ടി നേതാവിനെ ഇ.ഡി ഇന്നലെ കസ്റ്റഡിയിലെടുത്തത്.
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം.പി സഞ്ജയ് സിംഗ്, തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്രസമിതി നേതാവുമായ കെ. കവിത എന്നിവരാണ് അറസ്റ്റിലായ മറ്റു രാഷ്ട്രീയപ്രമുഖർ. മദ്യവ്യവസായികളും, ഇടനിലക്കാരും അടക്കം 31 പേർക്കെതിരെ ആറ് കുറ്രപത്രം സമർപ്പിച്ചു. മദ്യനയത്തിലെ ക്രമക്കേട് കാരണം 2873 കോടിയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് ഏജൻസികൾ കരുതുന്നത്.
245 സ്ഥലങ്ങളിൽ റെയിഡ്
 രാജ്യത്തെ 245 സ്ഥലങ്ങളിൽ ഇ.ഡി റെയിഡ് നടത്തി
 128.79 കോടിയുടെ സ്വത്തുക്കൾ കണ്ടുക്കെട്ടി
 സിസോദിയക്ക് വ്യക്തിപരമായി 2.2 കോടി ലഭിച്ചെന്ന് ഇ.ഡി
 സഞ്ജയ് സിംഗിന് 2 കോടി ലഭിച്ചെന്നും ആരോപണം
 ഗോവയിലെ പ്രചാരണത്തിന് 45 കോടി ആം ആദ്മി പാർട്ടിക്ക് ലഭിച്ചെന്നും ഇ.ഡി
കേജ്രിവാളിന് ഇ.ഡി നൽകിയത് ഒമ്പത് സമൻസുകൾ
ഈ ദിവസങ്ങളിൽ ഹാജരാകാനാണ് കേജ്രിവാളിനോട് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാൽ, സമൻസുകൾ നിയമപരമല്ലെന്ന് ആരോപിച്ച് നിരസിച്ചു.
1. 2023 നവംബർ 2
2. ഡിസംബർ 22
3. 2024 ജനുവരി 3
4. ജനുവരി 18
5. ഫെബ്രു. 2
6. ഫെബ്രു. 19
7. ഫെബ്രു. 27
8. മാർച്ച് 4
9. മാർച്ച് 21