
ന്യൂഡൽഹി : കേജ്‌രിവാളിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പത്തു ദിവസ ഇ.ഡി കസ്റ്റഡി ആവശ്യപ്പെട്ട് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചത്. ചോദ്യംചെയ്യലിനോട് നിസഹകരിക്കുന്നു. കോടികളുടെ കോഴയുടെ ഒട്ടേറെ വിവരങ്ങൾ തേടണം. ആസൂത്രണത്തിൽ മുഖ്യപങ്കുണ്ട്. ഒറ്റയ്ക്കും, സംയുക്തമായും കുറ്റം ചെയ്തെത്തും രാജു വാദിച്ചു.
ഒരു കാരണവശാലും കസ്റ്റഡി അനുവദിക്കരുതെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകരായ അഭിഷേക് മനു സിംഗ്‌വി, രമേഷ് ഗുപ്ത, വിക്രം ചൗധരി എന്നിവർ ആവശ്യപ്പെട്ടു. പക്ഷേ, കോടതി തള്ളി.
ഗോവ തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടിയാണ് മദ്യനയത്തിൽ മാറ്റം വരുത്തിയതെന്ന് ഇ.ഡി ആരോപിച്ചു. സൗത്ത് ഗ്രൂപ്പിൽ നിന്ന് വാങ്ങിയ 100 കോടിയിൽ നിന്ന് 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു. പണം ഡൽഹിയിലേക്ക് വന്നത് ചെന്നൈയിൽ നിന്നാണ്. ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പണം കൊണ്ടുപോയി. നാലു റൂട്ടുകൾ വഴി കാശായിട്ടാണ് കോടികൾ എത്തിയത്. ബാക്കി പണം കണ്ടെത്തണം. പാർട്ടിയുടെ മാദ്ധ്യമവിഭാഗത്തിന്റെ ചുമതലയുള്ള വിജയ് നായർ പാർട്ടിക്കും സൗത്ത് ഗ്രൂപ്പിനുമിടയിൽ മുഖ്യ ഇടനിലക്കാരനായി പ്രവർത്തിച്ചു. ഇലക്ട്രോണിക് തെളിവുകളും മൊബൈൽ ഫോണുകൾ നശിപ്പിച്ചത് അന്വേഷണ ഏജൻസികളെ വലച്ചു. എന്നിട്ടും അന്വേഷണം മികച്ച രീതിയിൽ നടത്തിയെന്ന് ഇ.ഡി അറിയിച്ചു. ഭാവനയിൽ നിന്നുള്ള കേസല്ല. മാപ്പുസാക്ഷിയായ ഹൈദരാബാദിലെ വ്യവസായി പി. ശരത് ചന്ദ്ര റെഡ്ഡിയുടെ നിർണായക മൊഴിയുണ്ട്. ഒട്ടേറെ സാക്ഷിമൊഴികളുമുണ്ട്.
അറസ്റ്റിന്റെ ആവശ്യം പ്രതിക്ക് തീരുമാനിക്കാനാകില്ല. എപ്പോൾ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരത്തിൽപ്പെട്ടതെന്നും ഇ.ഡി വാദിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത്
കരുതിക്കൂട്ടിയല്ലേ?
കേസിൽ അറസ്റ്റിലായവരെ മാപ്പുസാക്ഷിയാൽ അവർ ആരുടെയും പേര് പറയുമെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൾ ചൂണ്ടിക്കാട്ടി. അറസ്റ്റിനുള്ള അധികാരം ഇ.ഡി ദുരുപയോഗിക്കുന്നു.
1. തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്ന് തടയുകയല്ലേ ലക്ഷ്യമിടുന്നത് ?
2. മാപ്പുസാക്ഷിയുടേതല്ലാതെ നേരിട്ടുള്ള തെളിവുകളില്ല
3. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യം
4. നാലു പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തു
5. ഒൻപത് സമൻസുകളോടും പ്രതികരിച്ചിരുന്നു