
ന്യൂഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ അറസ്റ്റിലായ കെ. കവിതയോട് ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശം. കവിത ജാമ്യാപേക്ഷ സമർപ്പിച്ചാൽ റോസ് അവന്യു കോടതി വേഗത്തിൽ പരിഗണിച്ച് തീരുമാനമെടുക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. രാഷ്ട്രീയക്കാർ ഉൾപ്പെട്ടതുകൊണ്ട് കീഴ്ക്കോടതികളെ ബൈപാസ് ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാകില്ലെന്നും പറഞ്ഞു.
അതേസമയം, അറസ്റ്റിനെ ചോദ്യംചെയ്ത് കവിത സമർപ്പിച്ച റിട്ട് ഹർജിയിൽ ഇ.ഡിക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ മാർച്ച് 15ന് ഹൈദരാബാദിലെ വസതിയിൽ നിന്നാണ് അറസ്റ്റുചെയ്തത്. കേജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുമായി കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി ആരോപണം.
തെളിവില്ലെന്ന് കപിൽ സിബൽ
മാപ്പുസാക്ഷിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് കവിതയ്ക്കു വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ വാദിച്ചു. തെളിവിന്റെ കണിക പോലുമില്ല. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. സുപ്രീംകോടതി തന്നെ കേൾക്കണമെന്ന് സിബൽ ശക്തമായി ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. സുപ്രീംകോടതിയുടെ ചരിത്രം എഴുതപ്പെടുമ്പോൾ ഇക്കാലം സുവർണ കാലഘട്ടമായി രേഖപ്പെടുത്തില്ലെന്നും സിബൽ പറഞ്ഞു. 'നമുക്ക് കാണാം' എന്നായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പ്രതികരണം.