ന്യൂഡൽഹി : സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31ന് മുൻപ്, 10000 കോടി രൂപയുടെ വായ്പാനുമതിയെങ്കിലും വേണമെന്ന കേരളത്തിന്റെ ഹർജിയിൽ വിശദമായ വാദം കേട്ട സുപ്രീംകോടതി വിധി പറയാൻ മാറ്റി. ഇന്നു മുതൽ മാർച്ച് 31വരെ ഹോളി അവധിയാണെങ്കിലും ഇടക്കാല ഉത്തരവ് കോടതിക്ക് പുറത്തുവിടാൻ കഴിയും.
ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കേരളത്തിന്റെ റവന്യൂ വരുമാനം 23 ശതമാനം വർദ്ധിച്ചിട്ടും നെഗറ്റീവ് റേറ്റാണെന്ന കേന്ദ്ര നിലപാടിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ ചോദ്യം ചെയ്തു. കേന്ദ്രം പറയുന്ന കണക്കുകൾ തെറ്റാണ്. കേരളത്തിന് അവകാശപ്പെട്ട തുകയാണ് വായ്പ എടുക്കാൻ ശ്രമിക്കുന്നത്. ഫെഡറൽ ഘടനയിൽ ഇത്തരത്തിലൊരു പ്രതികൂല നിലപാട് കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്നും സിബൽ വ്യക്തമാക്കി. എന്നാൽ, 15-ാം ധനകമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിന് അർഹതപ്പെട്ടതാണ് ചോദിക്കുന്നതെന്ന കേരളത്തിന്റെ വാദങ്ങൾ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ തള്ളി.