h

നരേന്ദ്ര മോക്കെതിരെ പത്തു വർഷം മുമ്പ് വാരണാസിയിൽ മത്സരിച്ച കേജ്‌രിവാൾ,​ അന്ന് കോൺഗ്രസിനെയും സമാജ്‌വാദിയെയും ബി.എസ്.പിയെയും പിന്നിലാക്കി രണ്ടു ലക്ഷം വോട്ട് നേടിയപ്പോഴേ ഈ ദീർഘകാല ശത്രുവിനെ ബി.ജെ.പിയും മോദിയും തിരിച്ചറിഞ്ഞതാണ്...

ബി.ജെ.പിയും നരേന്ദ്രമോദിയും പത്തുവർഷം മുമ്പേ ഓങ്ങിവച്ചതാണ്,​ കേജ്‌രിവാളിന് ഒരു പണികൊടുക്കാൻ! 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ മോദിയുടെ മുഖ്യ എതിരാളിയായി പേരെടുത്തപ്പോളേ ബി.ജെ.പി ആളെ നോട്ടമിട്ടിരുന്നു. കേന്ദ്രത്തിൽ ബി.ജെ.പി കയറിയതിനു പിന്നാലെ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കേജ്‌രിവാൾ അധികാരത്തുടർച്ച നേടി നാണംകെടുത്തിയപ്പോൾ അരിശമേറി.

എന്നാൽ മറ്റു പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ പ്രയോഗിച്ച രാഷ്‌ട്രീയ നീക്കങ്ങളിൽ നിന്നൊക്കെ വഴുതിമാറിയ കേജ്‌രിവാൾ ജനകീയനായി ഡൽഹിയിൽ തങ്ങളുടെ മൂക്കിനു താഴെ വളർന്നു വലുതാകുന്നത് കണ്ടുനിൽക്കാനേ ബി.ജെ.പിക്കു കഴിഞ്ഞുള്ളൂ. ഡൽഹിക്കു വെളിയിൽ പഞ്ചാബിൽ ഭരണം പിടിച്ചു. ഗോവ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്കു പുറമെ മോദിയുടെ സ്വന്തം ഗുജറാത്തിലും വേരുപിടിച്ച് ദേശീയ പാർട്ടിയായി മാറി.

പത്തു വർഷം മുമ്പ് ബി.ജെ.പി തുടക്കമിട്ട കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം ഏതാണ്ട് വിജയം കാണുന്നുണ്ടെങ്കിലും,​ പ്രതിപക്ഷത്തിന് ഒരു ബദൽ ശക്തിയായി കയറിവരുന്ന ആംആദ്‌മി പാർട്ടി എന്ന ഭീഷണിയെ ഭയത്തോടെയാണ് കാണുന്നത്. തൃണമൂൽ പശ്ചിമബംഗാളിലും,​ ഡി.എം.കെ തമിഴ്‌‌നാട്ടിലും,​ സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശിലുമൊക്കെ ഒതുങ്ങിയപ്പോൾ (ബീഹാറിലെ ഭീഷണിയായ ജെ.ഡി.യുവിനെ പോക്കറ്റിലാക്കി!) ആംആദ്‌മി പാർട്ടി അവരുടെ തട്ടകമായ ഡൽഹിക്കു പുറത്തേക്ക് വ്യാപിക്കുന്നു.

പ്രതീക്ഷ തെറ്റിച്ച

കേജ്‌രിവാൾ

2019-ൽ വൻ ഭൂരിപക്ഷത്തിൽ മോദി സർക്കാർ അധികാരത്തുടർച്ച നേടിയപ്പോൾ ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റും നിലനിറുത്തിയിരുന്നു. തൊട്ടടുത്ത വർഷം നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗത്തിൽ ആംആദ്‌മി പാർട്ടി സർക്കാർ പുറത്താകുമെന്നും,​ 21വർഷത്തിനു ശേഷം ഭരണം തിരിച്ചുപിടിക്കാമെന്നും കരുതിയപ്പോളും കേജ്‌രിവാൾ കണക്കുകൂട്ടൽ തെറ്റിച്ച് തിരിച്ചുവന്നു.

ഇതിന്റെ തുർച്ചയായിരുന്നു 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്. കോൺഗ്രസ് സർക്കാരിനെ വീഴ്‌‌ത്തി, ശിരോമണി അകാലിദളിനെയും ബി.ജെ.പിയെയും അരികിലാക്കി ആംആദ്‌മി പാർട്ടി ചരിത്രം കുറിച്ച് ഭരണം പിടിച്ചു. ആ വർഷം ഡിസംബറിൽ നടന്ന ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പതിനഞ്ചു വർഷം നീണ്ട ഭരണം അവസാനിപ്പിച്ച ആംആദ്മി പാർട്ടിയുടെ കുതിപ്പ്,​ കോൺഗ്രസിന് ബദലായി വളരുന്നതിന്റെ സൂചനയായി. ഇതിനു പിന്നാലെയാണ് ആം ആദ്മി പാർട്ടി ഗുജറാത്തിൽ അക്കൗണ്ട് തുറന്ന് ദേശീയ പാർട്ടിയായി അംഗീകാരം സ്വന്തമാക്കിയത്.

ആംആദ്‌മി പാർട്ടിയും അരവിന്ദ് കേജ്‌രിവാളും ബി.ജെ.പിക്ക് ദേശീയ എതിരാളിയായെന്ന വിലയിരുത്തലിന് അതു വഴിതെളിച്ചു. ബി.ജെ.പിയുടെ സ്വത്വമായ ഹിന്ദുത്വ അജണ്ടയും ചിലപ്പോഴൊക്കെ ആംആദ്‌മി പാർട്ടി എടുത്ത് പ്രയോഗിക്കാറുണ്ട്. തിരഞ്ഞെടുപ്പ് റാലികളിലും മറ്റും ഹനുമാൻ സ്‌തോത്രങ്ങൾ പാടി സ്വയം ഹിന്ദുവായി വിശേഷിപ്പിച്ച് കേജ്‌രിവാൾ മറുതന്ത്രം പയറ്റി.

ലഫ്. ഗവർണർ

വക സമ്മർദ്ദം

സമ്പൂർണ പദവിയില്ലാത്ത ഡൽഹി സംസ്ഥാനത്ത് തങ്ങളുടെ പ്രതിനിധിയായ ലഫ്. ഗവർണർ വഴി കേജ്‌രിവാളിനെയും സർക്കാരിനെയും പരമാവധി സമ്മർദ്ദത്തിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചു. ഉദ്യോഗസ്ഥരുടെ നിയമന വിഷയത്തിൽ ആംആദ്‌മി പാർട്ടി സർക്കാരിനെ അനുകൂലിച്ച സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമമുണ്ടാക്കി. ഇപ്പോൾ കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഉണ്ടായതു പോലെ പ്രതിപക്ഷം സംയുക്തമായി ബില്ലിനെ എതിർത്തത് പാർലമെന്റിൽ പ്രക്ഷുബ്‌ദ്ധ രംഗങ്ങൾ സൃഷ്ടിച്ചു.

സൗജന്യ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ പദ്ധതികളുമായി ഡൽഹിയിൽ ഭരണത്തിലെത്തിയ ആംആദ്‌മി പാർട്ടി സർക്കാർ,​ തങ്ങൾക്കു നിയന്ത്രണമുള്ള വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളിൽ മാറ്റങ്ങൾ കൊണ്ടുവന്നതും കേന്ദ്രസർക്കാരിന് തിരിച്ചടിയായി.

മാറ്റിപ്പിടിച്ച

തന്ത്രങ്ങൾ

രാഷ്‌ട്രീയ കസർത്തുകളുടെ ഭാരമില്ലാതെ ജനങ്ങളുടെ ഹൃദയം കവർന്ന അരവിന്ദ് കേജ്‌രിവാളിനോട് ഹിന്ദുത്വ അജണ്ടയും മോദി പ്രഭാവവും ഉൾപ്പെടുന്ന പതിവു രാഷ്‌ട്രീയ ആയുധങ്ങളുമായി മല്ലിടാനാകില്ലെന്ന് മനസിലാക്കിയാണ് ബി.ജെ.പിയും കേന്ദ്രസർക്കാരും വേറെ വഴി ആലോചിച്ചത്. 2006-ൽ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മഗ്‌സസെ അവാർഡ് ലഭിച്ച കേജ്‌രിവാളിനെയും ലോക്‌പാൽ സമരത്തിലൂടെ അഴിമതിവിരുദ്ധ സന്ദേശമുയർത്തി രൂപീകരിച്ച പാർട്ടിയെയും അതേ നാണയത്തിൽ വീഴ്‌ത്താൻ അവർ കരുനീക്കി. കേജ‌്‌രിവാളിന് പൂർണ നിയന്ത്രണമുള്ള പാർട്ടിയുടെ കടയ്‌ക്കൽത്തന്നെ കത്തിവയ്‌ക്കാൻ പറ്റിയ ആയുധം അവർക്ക് കിട്ടുകയും ചെയ്‌തു.

2021 നവംബറിൽ ഡൽഹി സർക്കാർ തങ്ങളുടെ അഭിമാന പദ്ധതിയായാണ് മദ്യനയം അവതരിപ്പിച്ചത്. ചില്ലറമദ്യ വിൽപന പൂർണമായും സ്വകാര്യമേഖലയ്‌ക്ക് കൈമാറിയതോടെ ഡൽഹിയിൽ വ്യാപകമായി ഔട്ട്ലെറ്റുകൾ തുറന്നു. അവർ വൻ ഓഫറുകളുമായി മത്സരിച്ച്,​ വിലകൂടിയ മദ്യം പോലും കുറഞ്ഞ വിലയ്‌ക്ക് വിൽക്കാൻ തുടങ്ങിയതോടെ വിൽപന ശാലകൾക്കു മുന്നിൽ തിക്കും തിരക്കുമായി.

പോരിൽ തുടങ്ങിയ

പ്രതികാരം

ഇതിനു പിന്നാലെയാണ് ചില്ലറ വിൽപന ലൈസൻസ് വിതരണത്തിൽ അഴിമതി ആരോപണമുയർന്നത്. ആദ്യമൊക്കെ ആംആദ്‌മി പാർട്ടിയും ബി.ജെ.പിയുമായുള്ള വാക്‌പോരിൽ അത് ഒതുങ്ങി. ഇതിനിടെ മദ്യനയവുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് ചില സുപ്രധാന വിവരങ്ങൾ ലഭിച്ചു. 2022 ജൂലായ് 20ന് ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേനയുടെ ശുപാർശ പ്രകാരം സി.ബി.ഐ കേസെടുത്തു. പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഇഡിയുമെത്തി.

കേജ്‌രിവാളിന്റെ വിശ്വസ്‌തനും ഉപമുഖ്യമന്ത്രിയുമായ സിസോദിയയെ ആദ്യം കുരുക്കിയ തന്ത്രങ്ങൾ ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു. സൂററ്റ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കൈവരിച്ച ആംആദ്‌മി പാർട്ടി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നേറുന്നത് തടയാമെന്നും ബി.ജെ.പി കണക്കുകൂട്ടി. ഫലം വരുന്നതിനു മുമ്പുള്ള പ്രവചനങ്ങളിൽ ആംആദ്‌മി പാർട്ടി പ്രധാന പ്രതിപക്ഷമാകുമെന്നു വരെ പറഞ്ഞുകേട്ടിരുന്നു.

കേജ്‌രിവാളിന്റെ മറ്റൊരു വിശ്വസ്‌തൻ സത്യേന്ദ്ര ജെയിനിനെതിരായ ഹവാലാ കേസും സമാനമായ രീതിയിലാണ് മുന്നറിയത്. ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന സത്യേന്ദ്ര ജെയിനിനെ ഹവാലാ കേസിൽപ്പെടുത്തി 2022 മേയിൽത്തന്നെ അകത്താക്കി. അതുകഴിഞ്ഞാണ് മദ്യനയക്കേസ് നടപടികൾ ഊർജ്ജിതമായത്.

കേന്ദ്ര ഏജൻസികളായ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും,​ റെയ്ഡുകളും ചോദ്യം ചെയ്യലുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും നേതാക്കളെയും സമ്മർദ്ദത്തിലാക്കി. അന്നേ ആംആദ്‌മി പാർട്ടിക്ക് ഒരു കാര്യം വ്യക്തമായിരുന്നു: അന്വേഷണ ഏജൻസികളുടെ അന്തിമ ലക്ഷ്യം കേജ്‌രിവാൾ ആണെന്ന്. അതുവഴി ആംആദ്‌മി പാർട്ടിക്ക് പൂട്ടിടാൻ ബി.ജെ.പി കരുക്കൾ നീക്കുമെന്ന്.