
ന്യൂഡൽഹി: ബംഗാളിൽ ബംഗ്ളാദേശിനോട് ചേർന്നുകിടക്കുന്ന നാദിയാജില്ലയിലെ കൃഷ്‌ണാനഗർ ലോക്‌സഭ മണ്ഡലത്തിന് അടുത്ത കാലം വരെ യാതൊരു രാഷ്‌ട്രീയ പ്രാധാന്യവുമില്ലായിരുന്നു. എന്നാൽ ഇക്കുറി രാജ്യം കൃഷ്‌ണനഗറിലേക്ക് കണ്ണോടിക്കും. തൃണമൂലിന്റെ തീപ്പൊരി നേതാവും 17-ാം ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്‌ത മഹുവ മൊയ്‌ത്ര വീണ്ടും ജനവിധി തേടുന്നത് ഇവിടെ നിന്നാണ്.
2009 മുതൽ തൃണമൂൽ കോൺഗ്രസ് നിലനിറുത്തുന്ന കൃഷ്‌ണാനഗറിൽ ചിലതൊക്കെ മുന്നിൽക്കണ്ടാണ് മമത 2019ൽ മഹുവയെ സ്ഥാനാർത്ഥിയാക്കിയത്. 2010ലാണ് മഹുവ തൃൺമൂൽ കോൺഗ്രസിൽ ചേർന്നത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നാദിയ ജില്ലയിലെ കരിംപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച അവരുടെ ഊർജ്ജം ലോക്‌സഭയിൽ ആവശ്യമുണ്ടെന്ന് മമത തിരിച്ചറിഞ്ഞു.
മമത പ്രതീക്ഷിച്ചതുപോലെ 17-ാം ലോക്‌സഭയിൽ തുടക്കം മുതൽ മഹുവ സർക്കാരിന്റെ കണ്ണിലെ കരടായി. നരേന്ദ്രമോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും തീപ്പൊരി പ്രസംഗങ്ങൾ നടത്തി ശ്രദ്ധ നേടി. ഒടുവിൽ ശല്യം സഹിക്കവയ്യാതെയാണ് സഭയിൽ ചോദ്യമുന്നയിക്കാൻ സമ്മാനങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന ആരോപണത്തിന്റെ പേരിൽ, എത്തിക്‌സ് കമ്മിറ്റി ശുപാർശയിലൂടെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്.
ഇതിനു പകരം ചോദിക്കാനെന്ന നിലയിലാണ് മഹുവയെ വീണ്ടും കൃഷ്‌ണാനഗറിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മഹുവയുടെ പുറത്താക്കലിനെ എതിർത്ത 'ഇന്ത്യ" സഖ്യം കൃഷ്‌ണാനഗറിൽ പിന്തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്. തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്കാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. സി.പി.എമ്മും കോൺഗ്രസും മഹുവയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാൽ ബി.ജെ.പിക്ക് ക്ഷീണമാകുമെന്നുറപ്പ്.
അമേരിക്കൻ ബഹുരാഷ്‌ട്ര ധനകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസിലൂടെ രാഷ്‌ട്രീയത്തിലെത്തിയ മഹുവ 2019ൽ ബി.ജെ.പി സ്ഥാനാർത്ഥിയും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അദ്ധ്യക്ഷനുമായ കല്യാൺ ബാനർജിയെ പരാജയപ്പെടുത്തിയാണ് ആദ്യ ലോക്‌സഭാംഗമാകുന്നത്.
1999ൽ ബി.ജെ.പിയുടെ സത്യബ്രത മുഖർജിയുടെ ജയമൊഴിച്ചാൽ 1971 മുതൽ 2009 വരെ സി.പി.എം കോട്ടയായിരുന്നു കൃഷ്‌ണാനഗർ. 2009ൽ നടൻ തപസ് പോളിലൂടെയാണ് തൃണമൂൽ മണ്ഡലം പിടിച്ചെടുത്തത്. 2014ലും അദ്ദേഹം സീറ്റ് നിലനിറുത്തി. അതിനുശേഷമാണ് മഹുവയുടെ വരവ്. മഹുവയോട് തോറ്റെങ്കിലും കല്യാൺ ബാനർജി അഞ്ചര ലക്ഷത്തിൽ പരം വോട്ട് (40.37%) നേടിയിരുന്നു.
2019ലെ ഫലം
മഹുവ മൊയ്‌ത്ര (തൃണമൂൽ): 6,14,872 (45%വോട്ട്)
കല്യാൺ ബാനർജി (ബി.ജെ.പി): 5, 51,654 (40.37%)
ഡോ. ശാന്തനു ഝാ (സി.പി.എം): 1,20,222 (8.8%)
ഇന്താസ് അലി ഷാ (കോൺഗ്രസ്): 38,305(2.8%)