aap

ന്യൂഡൽഹി: മുഖ്യമന്ത്രി കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്‌തതിൽ പ്രതിഷേധിച്ച് ആംആദ്‌മി പാർട്ടി ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധിച്ചു. ഡൽഹി ഐ.ടി.ഒയിൽ പാർട്ടി ഓഫീസിന് സമീപം ഡൽഹി മന്ത്രിമാരായ അതിഷി മെർലേന, സൗരഭ് ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചെങ്കിലും നിയന്ത്രണ വിധേയമായി. നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റു ചെയ്‌തു നീക്കി.

ബി.ജെ.പിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തിരുന്നു. മന്ത്രിമാരും ഭാരവാഹികളും കൗൺസിലർമാരും രാവിലെ 10 മണിക്ക് ഡൽഹി ഐ.ടി.ഒയ്‌ക്ക് സമീപമുള്ള പാർട്ടി ആസ്ഥാനത്ത് ഒത്തുകൂടി തൊട്ടടുത്ത ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ പദ്ധതിയിട്ടെങ്കിലും പൊലീസ് തടഞ്ഞു. തുടർന്നാണ് തിരക്കേറിയ ഐ.ടി.ഒ ജംഗ്‌ഷനിൽ പ്രതിഷേധം തുടങ്ങിയത്.

റോഡിൽ കിടന്ന് പ്രതിഷേധിച്ച അതിഷിയെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. ഒരുമണിക്കൂറോളം പ്രതിഷേധം നീണ്ടു നിന്നു. നേതാക്കളെ അറസ്റ്റു ചെയ്‌ത് നീക്കിയതോടെ പ്രവർത്തകർ പിൻവലിഞ്ഞു.പാർട്ടി ആസ്ഥാനത്തു നിന്നു പ്രവർത്തകരെ ഒഴിപ്പിച്ചു.

പൊലീസ് ഐ.പി.ഒ ഭാഗത്തേക്കുള്ള എല്ലാ റോഡുകളും മെട്രോ സ്റ്റേഷനും അടച്ചിരുന്നു. ബി.ജെ.പി ആസ്ഥാനത്തേക്കുള്ള ഡി.ഡി.യു റോഡിൽ ജലപീരങ്കികളും തയ്യാറാക്കി. നൂറു കണക്കിന് ഡൽഹി പൊലീസ്, അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരുന്നു. .

ഡൽഹിക്ക് പുറമെ പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ശ്രീനഗർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധമുണ്ടായി.