
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്സി വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എ.ഐ.എസ്.എഫ് സ്ഥാനാർത്ഥി സ്വാതി സിംഗിനെ അയോഗ്യയാക്കിയതിൽ കാമ്പസിൽ വ്യാപക പ്രതിഷേധം. നാല് വർഷത്തിന് ശേഷം നടക്കുന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇന്നലെ വോട്ടെടുപ്പ് പൂർത്തിയായി. 24നാണ് വോട്ടെണ്ണൽ.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റണമെന്ന ഇടത് പാനലിന്റെ അഭ്യർത്ഥന സർവകലാശാല തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചില്ല. തുടർന്ന് ബാപ്‌സ പാനലിലെ പ്രിയാൻഷി ആര്യയ്‌ക്ക് ഇടത് പാനൽ പിന്തുണ പ്രഖ്യാപിച്ചു.
തന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയത് മുഴുവൻ സംഘടനകളുടെയും യോഗം വിളിച്ച് ചർച്ച ചെയ്യണമെന്നും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് സ്വാതി സിംഗ് നിരാഹാര സമരം തുടങ്ങിയിരുന്നു.
വനിതാ സെക്യൂരിറ്റി ഗാർഡുകളെ ആക്രമിച്ച സംഭവത്തിൽ സ്വാതി സിംഗിനെ പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി എ.ബി.വി.പി അംഗം വികാസ് പട്ടേൽ നൽകിയ പരാതിയിലാണ് സ്ഥാനാർത്ഥിത്വം റദ്ദാക്കിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഏഴ് മണിക്കൂർ മുമ്പ് ഇന്നലെ പുലർച്ചെ രണ്ടുമണിക്കാണ് അയോഗ്യയാക്കി നോട്ടീസ് നൽകിയത്