 ഒരു സംസ്ഥാനത്തിന്റെ നീക്കം ആദ്യം

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾക്ക് കാരണം വ്യക്തമാക്കാതെ അനുമതി വൈകിപ്പിക്കുന്ന രാഷ്ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കേരളം സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഗവർണർ ഏഴു ബില്ലുകൾ രാഷ്‌ട്രപതിക്ക് വിട്ടിരുന്നു. ഇതിൽ നാലെണ്ണം പിടിച്ചുവച്ച പശ്ചാത്തലത്തിലാണ് ഹർജി. ബില്ലുകളിൽ തീരുമാനമെടുക്കാത്തതിന്റെ പേരിൽ ഗവർണർക്കെതിരെ നൽകിയ കേസിലെ അധിക റിട്ട് ഹർജിയായാണ് സമർപ്പിച്ചത്. ഒരു സംസ്ഥാനം രാഷ്‌ട്രപതിയുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യുന്നത് ആദ്യമായാണ്.

രാഷ്ട്രപതിയുടെ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഗവർണർ, ഗവർണറുടെ ഓഫീസിലെ അഡിഷണൽ ചീഫ് സെക്രട്ടറി എന്നിവരാണ് എതിർ കക്ഷികൾ. കേരളത്തിനുവേണ്ടി ചീഫ് സെക്രട്ടറിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

രാഷ്ട്രപതിയെ ഉപദേശിക്കുന്ന കേന്ദ്ര മന്ത്രിസഭ ബില്ലുകളുടെ അനുമതി തടഞ്ഞതിന് ഒരു കാരണവും നൽകിയിട്ടില്ലെന്നും ഇത് ഭരണഘടനയുടെ 14, 200, 201 വകുപ്പുകളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നിയമസഭ പാസാക്കിയ നിയമത്തിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലൂടെ, ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരമുള്ള സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളെയും തടയുന്നു.

രണ്ടുവർഷം കൈവശം വച്ച ബില്ലുകൾ തീർപ്പാക്കാതെ രാഷ്ട്രപതിക്ക് വിടുന്നത് ഭരണഘടനയുടെ 200-ാം വകുപ്പ് പ്രകാരമുള്ള ഗവർണറുടെ ഭരണഘടനാപരമായ കടമയ്‌ക്ക് വിരുദ്ധം തുടങ്ങിയ വാദങ്ങളാണ് ഉയർത്തുന്നത്. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് ഗവർണർ ഭരണഘടനാപരമായ കടമ നിർവഹിക്കാൻ തുടങ്ങിയത്. എന്നാൽ നടപടി സ്വീകരിച്ചത് ഒരു ബില്ലിൽ മാത്രം. ബാക്കിയുള്ള ഏഴെണ്ണം രാഷ്‌ട്രപതിക്ക് റഫർ ചെയ്‌തുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ബില്ലുകൾ തിരിച്ചയയ്ക്കാൻ

നിർദേശിക്കണം

1.ഹർജിയിൽ രണ്ട് ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

സംസ്ഥാന വിഷയങ്ങളുടെ പരിധിയിൽ വരുന്ന ബില്ലുകളായതിനാൽ രാഷ്ട്രപതിക്ക് വിട്ട നടപടിയെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം. ബില്ലുകൾ തിരിച്ചയ്ക്കാൻ രാഷ്ട്രപതി ഭവന് നിർദേശം നൽകണം. ബില്ലുകളുടെ അംഗീകാരം തടഞ്ഞുവയ്ക്കാൻ രാഷ്ട്രപതിയെ ഉപദേശിച്ച കേന്ദ്രസർക്കാർ നടപടി ഫെഡറൽ സംവിധാനത്തിന് എതിരാണ്.

2.ഏഴു ബില്ലുകളിൽ നാലെണ്ണം പിടിച്ചുവച്ചിരുന്നെങ്കിലും രണ്ടെണ്ണം മാത്രമാണ് അവിടെ ശേഷിക്കുന്നത്. യൂണിവേഴ്സിറ്റികളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ളതാണ് ഒന്ന്. യൂണിവേഴ്സിറ്റികളുടെ അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. നാലെണ്ണം തിരിച്ചയച്ചു. ലോകായുക്താ ഭേദഗതിക്ക് മാത്രം അംഗീകാരം നൽകി.

3.രാഷ്ട്രപതി തിരിച്ചയയ്ക്കുന്ന ബില്ലുകൾ നിയമസഭയിൽ കൊണ്ടുവന്ന് ഭേദഗതികളോടെ വീണ്ടും ശുപാർശ ചെയ്യേണ്ടിവരും. പ്ളാച്ചിമട ബില്ലിൽ മുൻപ് അങ്ങനെ ചെയ്തിട്ടുണ്ട്. ഗവർണർ നേരിട്ട് തിരിച്ചയയ്ക്കുന്ന ബില്ലുകളാണ് മന്ത്രിസഭ വീണ്ടും അതേപടി ശുപാർശ ചെയ്യുന്നതും ഗവർണർ ഒപ്പുവയ്ക്കാൻ നിർബന്ധിതനാവുന്നതും.

മൗലികാവകാശ ലംഘനത്തിന് സുപ്രീംകോടതിയെ സമീപിക്കാനുള്ള ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരമാണ് ഹർജി. ഈ വകുപ്പ് പ്രകാരം പൊതുതാത്‌പര്യ ഹർജി നൽകുംപോലെ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാം. രാഷ്‌ട്രപതിയുടെ തീരുമാനം വൈകുന്നത് ചോദ്യം ചെയ്തും പരാതിപ്പെടാം.

എം.ആർ. അഭിലാഷ്

(സുപ്രീംകോടതി അഭിഭാഷകൻ)