
ന്യൂഡൽഹി: മധ്യപ്രദേശിൽ ഗ്വാളിയോർ രാജവംശത്തിന്റെ പാരമ്പര്യവും രാഷ്‌ട്രീയ നിലപാടുകളും എന്നും സ്വാധീനിക്കുന്ന ലോക്‌സഭാ മണ്ഡലമാണ് ഗുണ. അതു മനസിലാക്കിയാണ് നാലു തവണ കോൺഗ്രസ് ബാനറിൽ മത്സരിച്ച ജ്യോതിരാദിത്യ സിന്ധ്യയെ ബി.ജെ.പി ഗുണയിൽ ഇറക്കുന്നത്. രണ്ടു തവണ ഗുണ എം. പി ആയ രാജമാതാ വിജയരാജെ സിന്ധ്യയാണ് ഗ്വാളിയോർ രാജകുടുംബത്തിൽ നിന്നുള്ള മണ്ഡലത്തിലെ ആദ്യ പ്രതിനിധി. 1957ൽ കോൺഗ്രസ് ടിക്കറ്റിൽ. 1967ൽ സ്വതന്ത്ര പാർട്ടി എംപിയായി. പിന്നീട് ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിൽ.
രാജമാതായുടെ മകനും കോൺഗ്രസ് നേതാവുമായിരുന്ന മാധവ് റാവു സിന്ധ്യ 1971ൽ ജയിച്ചതും ജനസംഘത്തിന്റെ ബാനറിൽ. 1977ൽ ജനസംഘം വിട്ട സിന്ധ്യ ജനതാപാർട്ടി പിന്തുണയുള്ള സ്വതന്ത്രനായി ജയിച്ചു. പിന്നീട് കോൺഗ്രസിലെത്തി 1980ൽ വിജയം ആവർത്തിച്ചു. 1984ൽ കോൺഗ്രസ് സിന്ധ്യയെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്കെതിരെ ഗ്വാളിയോറിൽ നിർത്തിയപ്പോൾ മഹേന്ദ്ര സിംഗായിരുന്നു ഗുണ എംപി.
രാജ്യത്ത് ബി.ജെ.പിയുടെ ഉയിർപ്പിന് സമാന്തരമായി 1989 മുതൽ 1999 വരെ ഗുണയിൽ കാവി തരംഗം കണ്ടു. വിജയിച്ചത് മുൻ എംപി വിജയരാജെ സിന്ധ്യ. 1996ൽ വിമതനായി പുറത്തായ ശേഷം കോൺഗ്രസിൽ മടങ്ങി വന്ന മാധവറാവു സിന്ധ്യ 1999ൽ മണ്ഡലം തിരിച്ചു പിടിച്ചു. ബി.ജെ.പിയുടെ റാവു ദേശ്‌രാജ് സിംഗിനെ രണ്ടു ലക്ഷത്തിൽ പരം വോട്ടിനാണ് തോൽപ്പിച്ചത്.
2001 ഡിസംബറിലെ വിമാനാപകടത്തിൽ സിന്ധ്യ മരിച്ചതോടെ മകൻ ജ്യോതിരാദിത്യസിന്ധ്യ കുടുംബത്തിലും മണ്ഡലത്തിലും അനന്തരവകാശിയായി. 2002ലെ ഉപതിരഞ്ഞെടുപ്പിൽ കന്നി വിജയം നേടിയ ജ്യോതിരാദിത്യ സിന്ധ്യ ഗുണയിൽ 2014വരെ തുടർന്നു. 2018ൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചപ്പോൾ മുഖ്യമന്ത്രിയാക്കാത്തതിൽ നിരാശനായിരുന്ന സിന്ധ്യ 2019ലെ തിരഞ്ഞെടുപ്പിൽ ഗുണയിൽ തോറ്റു. 2020ൽ അനുയായികളായ എം.എൽ.എമാരെ രാജിവയ‌്‌പിച്ച് കമൽനാഥ് സർക്കാരിനെ താഴെ ഇറക്കിയതും ബി.ജെ.പിയിൽ ചേർന്നതും ദേശീയ രാഷ്‌ട്രീയത്തിലെ നിർണായക സംഭവങ്ങളാണ്.
ജനാധിപത്യ യുഗത്തിലും ഗ്വാളിയോർ രാജവംശത്തിന്റെ സ്വാധീനത്തിന് കുറവില്ല. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിന്ധ്യയുടെ സ്വാധീനം ബി.ജെ.പിയെ ഒട്ടൊന്നുമല്ല സഹായിച്ചത്.
2019ലെ ഫലം:
കൃഷ്‌ണ പാൽ സിംഗ് യാദവ് (ബി.ജെ.പി): 6,14,049 (52%)
ജ്യോതിരാദിത്യ സിന്ധ്യ (കോൺഗ്രസ്): 4,88,500 (41%)
ലോകേന്ദ്ര സിംഗ് രാജ്‌പുത് (ബി.എസ്.പി): 37,530 (3.18%)