
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ ഉപഹാരങ്ങൾ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയുടെ കൽക്കത്തയിലെ വസതിയിൽ സി.ബി.ഐ റെയ്ഡ്. മഹുവയുടെ ഓഫീസിലും പരിശോധന നടന്നു.
തെക്കൻ കൊൽക്കത്തയിലെ അലിപൂരിൽ മഹുവയുടെ മാതാപിതാക്കളായ ദിപേന്ദ്രലാലും മഞ്ജു മൊയ്‌ത്രയും താമസിക്കുന്ന ഫ്ളാറ്റിൽ ഇന്നലെ രാവിലെ ഏഴിനാണ് സി.ബി.ഐ എത്തിയത്. വീട്ടിലാരും ഉണ്ടായിരുന്നില്ല. മാതാപിതാക്കളെ വിളിച്ചു വരുത്തി ഫ്ളാറ്റ് തുറന്ന സി.ബി.ഐ സംഘം ആറ് മണിക്കൂറിലേറെ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉച്ചയോടെ കൃഷ്ണനഗറിലെ സിദ്ധേശ്വരിതലയിലുള്ള മൊയ്‌ത്രയുടെ പാർട്ടി ഓഫീസിൽ ഉച്ചയോടെ സി.ബി.ഐയുടെ മറ്റൊരു സംഘം പരിശോധന നടത്തി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹുവയെ ശല്യപ്പെടുത്തുന്നത് രാഷ്‌ട്രീയ ലാക്കോടെയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സ്വന്തം മണ്ഡലമായ നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ നിന്ന് മഹുവ ഇക്കുറിയും മത്സരിക്കുന്നുണ്ട്.