kejarwal
kejariwal

ന്യൂഡൽഹി: ജയിലിൽ കിടന്നും ഭരിക്കുമെന്ന പ്രതിജ്ഞ പാലിച്ചുകൊണ്ട്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നലെ ഇ.ഡി ലോക്കപ്പിൽ ഇരുന്ന് ആദ്യഫയലിൽ ഒപ്പിട്ടു. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി കസ്റ്റഡിയിലിരിക്കെ ഭരണം നടത്തുന്നത്.

ഡൽഹിയിലെ ജലവിതരണം സംബന്ധിച്ച ഉത്തരവും വകുപ്പ് മന്ത്രി അതിഷിക്കുള്ള കുറിപ്പുമാണിത്. അതിഷി പിന്നീട് ഉത്തരവ് പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

ഡൽഹിയിലെ കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങൾ മനസിലാക്കുന്നു. താൻ ജയിലിലായതുകാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്. ജലവിതരണത്തിന് ആവശ്യത്തിന് നടപടികൾക്ക് ടാങ്കറുകൾ എത്തിക്കണം. ചീഫ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം. ലെഫ്റ്റനന്റ് ഗവർണറുടെ സഹായവും തേടണം - കുറിപ്പിൽ കേജ്‌രിവാൾ നിർദ്ദേശിച്ചു.

അറസ്റ്റിലായപ്പോഴും ജനങ്ങളെക്കുറിച്ച് ചിന്തിക്കാൻ കേജ്‌രിവാളിനേ കഴിയൂ എന്നുപറഞ്ഞ് അതിഷി കണ്ണീരണിഞ്ഞു. 28ന് ഉച്ചയ്ക്ക് രണ്ടു വരെയാണ് കേജ്‌രിവാളിന്റെ കസ്റ്റഡി.

 കവിതയ്ക്കൊപ്പം ചോദ്യംചെയ്യൽ

മദ്യനയക്കേസിൽ നേരത്തേ അറസ്റ്റിലായ കെ.കവിതയ്ക്കൊപ്പമിരുത്തി കേജ്‌രിവാളിനെ ചോദ്യം ചെയ്തെന്നാണ് സൂചന. തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്രസമിതി നേതാവുമാണ് കവിത. ആം ആദ്മി നേതാക്കൾക്ക് കവിതയുടെ അറിവോടെ 100 കോടി കൈമാറിയെന്നാണ് ഇ.ഡി സംശയിക്കുന്നത്. മാർച്ച് 15ന് ഹൈദരാബാദിലെ വസതിയിൽ നിന്ന് അറസ്റ്റിലായ കവിതയെ കോടതി നാളെവരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

31ന്പ്രതിപക്ഷ ശക്തിപ്രകടനം

അരവിന്ദ് കേജ്‌രിവാളിന്റെ ചോദ്യംചെയ്യൽ ഇ.ഡി ഓഫീസിൽ തുടരുന്നതിനിടെ, തെരുവിൽ പ്രതിഷേധം ശക്തമാക്കുകയാണ് ആം ആദ്മി പാർട്ടിയും ഇന്ത്യ മുന്നണിയും. 31ന് രാംലീല മൈതാനിയിൽ മെഗാ റാലി നടത്തുമെന്ന് 'ഇന്ത്യ' നേതാക്കൾ അറിയിച്ചു. രാജ്യതാത്പര്യവും ജനാധിപത്യവും സംരക്ഷിക്കാനാണ് റാലിയെന്ന് ആം ആദ്മി നേതാവ് ഗോപാൽ റായ് പറഞ്ഞു. കേജ്‌രിവാളിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്നും ആരോപിച്ചു. അതേസമയം, കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ഇന്നലെ തെരുവിലിറങ്ങി. കേജ്‌രിവാളിന്റെ കോലം കത്തിച്ചു.