kejriwal-wife

ന്യൂഡൽഹി : മദ്യനയക്കേസിൽ ഇ.ഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിനെ കാണാൻ ഇന്നലെ രാത്രി ഏഴുമണിയോടെ ഭാര്യ സുനിത കേജ്‌രിവാൾ എത്തി. സഹായിക്കൊപ്പം ഭക്ഷണം ഉൾപ്പെടെ കരുതിയ ബാഗുമായാണ് എത്തിയത്. സുനിതയ്‌ക്ക് ആം ആദ്മി പാർട്ടിയിൽ നിർണായക സ്ഥാനം ലഭിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. 1993 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥയായിരുന്ന സുനിത, 2016 ജൂലായിൽ ആദായനികുതി വകുപ്പ് കമ്മിഷണറായിരിക്കെയാണ് സ്വയം വിരമിച്ച് കുടുംബജീവിതത്തിന്റെ തിരക്കിലേക്ക് കടന്നത്.

1995 ഐ.ആർ.എസ് ഓഫീസറായിരുന്ന കേജ്‌രിവാളിനെ ഭോപ്പാലിലെ പരിശീലന ക്യാംപിലാണ് സുനിത പരിചയപ്പെടുന്നത്. പിന്നെ വിവാഹത്തിലേക്ക് എത്തി. ജോലി ഉപേക്ഷിച്ച് അഴിമതി വിരുദ്ധ പോരാട്ടത്തിനിറങ്ങാൻ കേജ്‌രിവാൾ തീരുമാനിച്ചപ്പോഴും സുനിത കൂടെനിന്നു. പാർട്ടി പ്രചാരണങ്ങളിലും, വിജയാഘോഷങ്ങളിലും കേജ്‌രിവാളിന്റെ നിഴലായി സുനിതയുണ്ട്. ഇപ്പോൾ ഇ.ഡി കസ്റ്റഡിയിൽ ആയിരിക്കുമ്പോഴും കേജ്‌രിവാളിന്റെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതും സുനിത തന്നെ.

 പ്രതിഷേധം, കോലം കത്തിക്കൽ

അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ ഇന്നലെ ഡൽഹിയിൽ വ്യാപകമായി മെഴുകുതിരി പ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ആം ആദ്മി എം.എൽ.എ ദിലീപ് കെ. പാണ്ഡെയുടെ തിമർപുരിലെ ഓഫീസിന് മുന്നിൽ സുരക്ഷാസേനയെ ഇറക്കിയതിൽ പ്രതിഷേധിച്ചു. ഓഫീസ് സീൽ ചെയ്തെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് തങ്ങളുന്നയിച്ച ആരോപണങ്ങളിൽ ബി.ജെ.പിയുടെ നിശബ്ദതയെ ചോദ്യം ചെയ്തു.

 കൂടുതൽ പേരിലേക്ക് അന്വേഷണം

കൂടുതൽ ആം ആദ്മി നേതാക്കൾക്ക് ഇ.ഡി സമൻസ് നൽകുമെന്ന് സൂചനകളുണ്ട്. തെലങ്കാനയിൽ അറസ്റ്റിലായ കെ.കവിതയുടെ ഭർത്താവ് ഡി.ആർ. അനിലിന്റെ സഹോദരി എം. അഖിലയുടെ ഹൈദരാബാദ് മധാപൂരിലെ വസതിയിൽ പരിശോധന നടത്തി. അഖിലയുടെ മകളുടെ ഭർത്താവ് ശരണിന് മദ്യനയത്തിലെ ഷെൽ കമ്പനികൾ മുഖേനയുള്ള കള്ളപ്പണ ഇടപാടിൽ ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.