kangana-ranaut

ന്യൂഡൽഹി: ബി.ജെ.പിയുടെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ ഹിമാചൽപ്രദേശിലെ മാണ്ഡി ലോക്‌സഭ മണ്ഡലത്തിൽ ട്വിസ്റ്റ്. ബോളിവുഡ് താരം കങ്കണ റണൗട്ടാണ് പാർട്ടി സ്ഥാനാർത്ഥിയായി എത്തിയിരിക്കുന്നത്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത മറനീക്കിയ അടുത്തിടെ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുമായി ഭിന്നതയുള്ള പി.സി.സി അദ്ധ്യക്ഷ പ്രതിഭാസിംഗിന്റെ നിലപാടുകളും കൊണ്ട് ചർച്ചയായ മണ്ഡലമായിരുന്നു മാണ്ഡി.

മികച്ച അഭിനേത്രിയായ കങ്കണയ്ക്ക് 2014നുശേഷം മൂന്ന് ദേശീയ അവാർഡുകൾ ലഭിച്ചിരുന്നു. അതിനുശേഷമാണ് ബി.ജെ.പി അനുഭാവിയായത്. പ്രധാനമന്ത്രി മോദിയെ പ്രകീർത്തിച്ചും മുംബയിൽ ശിവസേനയുമായി കൊമ്പുകോർത്തും രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.

അടുത്ത കാലത്തിറങ്ങിയ കങ്കണയുടെ നിരവധി ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ പ്രമേയമാക്കി ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ ഇറങ്ങാനിരിക്കുന്ന 'എമർജൻസി"യിലാണ് പ്രതീക്ഷ. സിനിമ മേഖലയിൽ മോശ സമയമായതിനാൽ രാഷ്‌ട്രീയത്തിൽ ഒരു കൈ നോക്കാനാണ് അവരുടെ നീക്കം.

കങ്കണയിലൂടെ കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലത്തെ തിരിച്ചു പിടിക്കാനാണ് ബി.ജെ.പി തന്ത്രം. മാണ്ഡിയിലെ ഭാംബ്ലയിൽ രജപുത്ര കുടുംബത്തിൽ ജനിച്ച കങ്കണയ്ക്ക് അതിനു സാധിക്കുമെന്ന് പാർട്ടി വിശ്വസിക്കുന്നു. കോൺഗ്രസ് മണ്ഡലത്തിനുള്ളിൽ നേരിടുന്ന പ്രശ്നങ്ങളും പ്രചാരണ വിഷയമാകുമെന്നത് തീർച്ച. സുഖ്‌വിന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിറുത്തുന്ന ഹൈക്കമാൻഡിനോടുള്ള പ്രതിഷേധമായി സിറ്റിംഗ് എം.പിയും പി.സി.സി അദ്ധ്യക്ഷയുമായ പ്രതിഭാസിംഗ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവർത്തകർ നിരാശരാണെന്നും ജയം ബുദ്ധിമുട്ടാണെന്നും അവർ വെളിപ്പെടുത്തി. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

2019ൽ 4,05, 459 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാം സ്വരൂപ് ശർമ്മയിലൂടെ ബി.ജെ.പി മാണ്ഡി സ്വന്തമാക്കിയത്. 2021ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ വിയോഗം സൃഷ്‌ടിച്ച സഹതാപ തരംഗം ഭാര്യ പ്രതിഭാസിംഗിന് തുണയായി. 2013ൽ വീരഭദ്ര സിംഗ് മുഖ്യമന്ത്രിയായി രാജിവച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലും അവർ ജയിച്ചിരുന്നു. 1952 മുതൽ കോൺഗ്രസ് ആധിപത്യമുള്ള മണ്ഡലത്തിൽ വീരഭദ്ര സിംഗ് മൂന്നുതവണ ജയിച്ചിട്ടുണ്ട്. കേബിൾ കുംഭകോണത്തിലൂടെ കുപ്രസിദ്ധി നേടിയ കോൺഗ്രസ് നേതാവും മുൻ ടെലികോം മന്ത്രിയുമായ സുഖ്‌റാമും മൂന്നുതവണ ജയിച്ചു.

2021 ഉപതിരഞ്ഞെടുപ്പ് ഫലം:

പ്രതിഭാസിംഗ് (കോൺഗ്രസ്): 3,65,650 (49%)

ബ്രിഗേഡിയർ കുശാൽ താക്കൂർ (ബി.ജെ.പി): 3,56,884 (48.05%)