kejriwal

ന്യൂഡൽഹി: കസ്റ്റഡിയിലിരിക്കെ ജലവിതരണവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉത്തരവിറക്കിത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കുന്നു. ഇത് കോടതി ഉത്തരവും നിയമ വ്യവസ്ഥകളും പാലിച്ചാണോയെന്ന് പരിശോധിക്കും.
കേജ്‌രിവാൾ കസ്റ്റഡിയിലിരിക്കെ ഡൽഹിയിലെ ജലക്ഷാമം പരിഹരിക്കാൻ ഉത്തരവിട്ടതായി ഡൽഹി മന്ത്രി അതിഷി മർലേനെയാണ് അറിയിച്ചത്. കസ്റ്റഡിയിലുള്ള ആൾ എങ്ങനെ ഉത്തരവിറക്കി എന്ന് ബി.ജെ.പി ചോദിച്ചതോടെയാണ് ഇഡി അന്വേഷണം തുടങ്ങിയത്.

ഭാര്യ സുനിതയ്ക്കും പേഴ്‌സണൽ അസിസ്റ്റന്റ് ബിഭാവ് കുമാറിനും ദിവസവും വൈകിട്ട് ആറിനും ഏഴിനും ഇടയിൽ അരമണിക്കൂറോളം കേജ്‌രിവാളിനെ കാണാൻ കോടതി അനുമതിയുണ്ട്. അഭിഭാഷകർക്കും അരമണിക്കൂർ കൂടിക്കാഴ്ചയ്‌ക്ക് അനുമതിയുണ്ട്. ഇതിനിടെയാണോ ഉത്തരവ് തയ്യാറാക്കിയത് എന്നാണ് ഇഡി പരിശോധിക്കുന്നത്. ഉത്തരവുകളുടെ ലംഘനം ഉണ്ടെങ്കിൽ കോടതിയെ അറിയിക്കും.

അതേസമയം മുഖ്യമന്ത്രിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ഉത്തരവ് ഇറങ്ങിയത് ആശങ്കാജനകമാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. ഇറങ്ങിയത് വ്യാജ ഉത്തരവാണോ എന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ലെഫ്റ്റനന്റ് ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇഡി കസ്റ്റഡിയിലാണ്. പുറത്തുനിന്നുള്ള ഭക്ഷണവും മരുന്നും കഴിക്കാൻ പോലും കോടതിയുടെ അനുമതി വേണം. ഈ സാഹചര്യത്തിൽ ആരാണ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത്. മന്ത്രി അതിഷിക്ക് ഉത്തരവ് ലഭിച്ചത് എങ്ങനെ. ഉത്തരവിന് നമ്പറില്ല. ഒരു ഉദ്യോഗസ്ഥന്റെ ഒപ്പുമില്ല. മദ്യ കുംഭകോണം പോലെ കത്ത് അഴിമതിക്കും ആംആദ്‌മി പാർട്ടി മറുപടി പറയണമെന്ന് സിർസ പറഞ്ഞു.

കേജ്‌രിവാളിന്റെ മൊബൈൽ കാണാനില്ലെന്ന് ഇഡി

ഡൽഹി മദ്യ നയ അഴിമതിയുടെ തെളിവുകളുള്ള കേജ്‌രിവാളിന്റെ ഫോൺ കാണാനില്ലെന്ന് ഇഡി അറിയിച്ചു.ഫോൺ എവിടെയെന്ന് അറിയില്ലെന്നാണ് കേജ്‌രിവാൾ പറഞ്ഞത്. ഫോൺ നശിപ്പിച്ചെന്ന് ഇഡി ആരോപിക്കുന്നു.

ഈ ഫോൺ ഉൾപ്പെടെ നിർണായക രേഖകൾ അടങ്ങിയ 171 ഉപകരണങ്ങൾ കാണാനില്ലെന്ന് ഇഡി പറയുന്നു. 17 ഫോണുകളിലെ വിവരങ്ങളാണ് കേസിൽ ഉപയോഗിക്കുന്നത്. മദ്യനയം നടപ്പാക്കിയ കാലത്ത് ഉപയോഗിച്ച ലാപ്‌ടോപ്പുകളും ഫോണുകളും മാറ്റിയതായും ഇഡി പറഞ്ഞു.