aap-protest

ന്യൂഡൽഹി : മദ്യനയക്കേസിൽ ഇ.ഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നലെയും ഭരണ ഉത്തരവിറക്കി. രണ്ടാം തവണയാണിത്.

ആം ആദ്മി സർക്കാരിന്റെ ആരോഗ്യപദ്ധതിയായ മൊഹല്ല ക്ലിനിക്കുകളിൽ സൗജന്യ മരുന്നും, മെഡിക്കൽ പരിശോധനയും മുടങ്ങാതിരിക്കാനുള്ള നിർദ്ദേശമാണ് കേജ്‌രിവാൾ ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന് നൽകിയത്.

സൗരഭ് വാർത്താസമ്മേളനം വിളിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡൽഹിയിലെ ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് കേജ്‌രിവാളിന് ആകുലതയുണ്ട്. മുഖ്യമന്ത്രിയെ ജയിലിൽ ഇട്ടതു കൊണ്ട് ജനം ബുദ്ധിമുട്ടരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു- സൗരഭ് പറഞ്ഞു.

ഞായറാഴ്ച്ച, ഡൽഹിയിലെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാൻ മന്ത്രി അതിഷിക്ക് കേജ്‌രിവാൾ ഉത്തരവ് നൽകിയിരുന്നു.

അന്വേഷണഏജൻസിയുടെ കസ്റ്റഡിയിലിരുന്ന് മുഖ്യമന്ത്രി ഉത്തരവുകൾ ഇറക്കുന്നത് രാജ്യചരിത്രത്തിൽ ആദ്യമാണ്. ഇത് ഇ.ഡി അന്വേഷിക്കുന്നുണ്ട്. സന്ദർശകർ ഉത്തരവുകളിൽ ഒപ്പിട്ടു വാങ്ങുന്നതാണോ, നേരത്തേ തയ്യാറാക്കിയതാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

നാളെ ഉച്ചയ്ക്ക് രണ്ടുവരെയാണ് കേജ്‌രിവാളിന്റെ കസ്റ്റഡി.

 വ്യാപക പ്രതിഷേധം

കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രകടനം പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പഞ്ചാബ് മന്ത്രി ഹർജോത് സിംഗ് ബയിൻസിനെയും സോംനാഥ് ഭാരതി എം.എൽ.എയെയും നൂറു കണക്കിന് പ്രവർത്തകരെയും കിലോമീറ്ററുകൾ അകലെ വച്ച് കസ്റ്റഡിയിലെടുത്തു. പാർട്ടി ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ നിരത്തി പ്രവർത്തനം തടയുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. നഗരത്തിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഡൽഹിയെ പൊലീസ് സ്റ്റേറ്രാക്കിയെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് ആരോപിച്ചു. ഡൽഹിയിലെ ജില്ലാകോടതികൾക്കു മുന്നിൽ ആം ആദ്മിയുടെ ലീഗൽ സെൽ ഇന്ന് ഉച്ചയ്ക്ക് പ്രതിഷേധം നടത്തും.

മാർച്ച് 31ന് രാംലീല മൈതാനിയിൽ 'ഇന്ത്യ" മുന്നണി മെഗാറാലിയിൽ സുനിത കേജ്‌രിവാൾ പങ്കെടുക്കും.

കേജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മാദ്ധ്യമ പ്രവർത്തകർക്ക്

പൊലീസിന്റെ കൈയേറ്റം

ആം ആദ്മി പ്രതിഷേധത്തിനിടെ ഫോട്ടോ ജേർണലിസ്റ്റുകളായ അരുൺ താക്കൂർ (ഇന്ത്യ ടുഡേ)​ സൽമാൻ അലി (ഹിന്ദുസ്ഥാൻ)​ എന്നിവരെ പൊലീസ് കൈയേറ്റം ചെയ്‌തു. സൽമാൻ അലിയുടെ ഇടതുകൈ മുട്ടിന് പൊട്ടലുണ്ടായി. സംഭവത്തിൽ പ്രസ്ക്ലബ് ഒഫ് ഇന്ത്യയും ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സും പ്രതിഷേധിച്ചു.

 ഇന്ന് നിർണായകം

അറസ്റ്റും, ഇ.ഡി കസ്റ്റഡിയും ചോദ്യം ചെയ്ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധമായതിനാൽ ഉടൻ മോചിപ്പിക്കണമെന്നാണ് ആവശ്യം.