us-flag

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ന്യായവും സുതാര്യവുമായ നിയമനടപടി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രതികരണം. ജർമ്മനിക്കു പിന്നാലെയാണ് പ്രതികരണവുമായി യു.എസ് രംഗത്തെത്തിയത്. നിയമനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും വ്യക്തമാക്കി.

കുറ്റാരോപിതനായ ഏതൊരാളെയും പോലെ നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് കേജ്‌രിവാളിന് അവകാശമുണ്ടെന്ന് ജർമ്മനി പ്രതികരിച്ചിരുന്നു. അറസ്റ്റ് സംബന്ധിച്ച ചോദ്യത്തോടായിരുന്നു ജർമ്മൻ വിദേശകാര്യ ഓഫീസ് വക്താവ് സെബാസ്റ്റ്യൻ ഫിഷർ ഇക്കാര്യം പറഞ്ഞത്. പിന്നാലെ, ഇന്ത്യയിലെ ജർമ്മൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.