bjp

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടു ചെയ്‌തതിന് അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എം.എൽ.എമാർ അവർ രാജിവച്ച സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ ബി. ജെ. പി സ്ഥാനാർത്ഥികൾ. മാർച്ച് 23നാണ് ഇവരും മൂന്ന് സ്വതന്ത്രൻമാരും ബി.ജെ.പിയിൽ ചേർന്നത്.

സുധീർ ശർമ (ധരംശാല), രവി താക്കൂർ (ലാഹൗൾ സ്പിതി), രജീന്ദർ റാണ (സുജൻപൂർ), ഇന്ദർ ദത്ത് ലഖൻപാൽ (ബർസർ), ചേതന്യ ശർമ (ഗാഗ്രറ്റ്), ദേവീന്ദർ കുമാർ ഭൂട്ടോ (കുത്‌ലേഹർ) എന്നിവരാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ.


ബി.ജെ.പി കുതിരക്കച്ചവടം നടത്തിയെന്ന് സ്ഥാനാർത്ഥി പട്ടിക തെളിയിക്കുന്നുവെന്നും സംസ്ഥാനത്തെ ജനങ്ങൾ അവരെ പാഠം പഠിപ്പിക്കുമെന്നും ഹിമാചൽ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്‌വിന്ദർ സിംഗ് സുഖു പറഞ്ഞു.

ഫെബ്രുവരി 27ന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആറ് എം.എൽ.എമാരും മൂന്ന് സ്വതന്ത്ര എം.എൽ.എമാരും കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് സിംഗ്‌വിക്ക് പകരം ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജന് വോട്ട് ചെയ്തിരുന്നു.

ആശിഷ് ശർമ്മ, ഹോഷിയാർ സിംഗ്, കെ.എൽ. താക്കൂർ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്ന സ്വതന്ത്രർ.

ഗുജറാത്തിൽ ബി.ജെ.പിയിൽ ചേരാൻ എം.എൽ.എ സ്ഥാനം രാജിവച്ച നാല് കോൺഗ്രസ് നേതാക്കളെയും ഒരു സ്വതന്ത്രനെയും ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കി. ഡോ. ചാതുർമാസഹൻ ജവാൻജി ചാവ്ദ(വിജാപൂർ), അർജുൻഭായ് ദേവ്ഭായി മോധ്‌വാദിയ(പോർബന്തർ), അരവിന്ദ്ഭായ് ജിനഭ ലഡാനി(മാനവദർ), ചിരാഗ്കുമാർ വഹാർ(ഖംഭത്ത് ), സ്വതന്ത്രനായിരുന്ന ധർമ്മേന്ദ്ര സിംഗ് രേനുഭ വഗേല(വഗോദിയ) എന്നിവർ.

ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് അസംബ്ളി മണ്ഡലങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സിക്കിമിൽ 9 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.

ആറാം പട്ടികയിൽ മൂന്നുപേർ

രാജസ്ഥാനിലെ രണ്ടും മണിപ്പൂരിലെ ഒന്നും ലോക്‌സഭാ സീറ്റുകളിലേക്കുള്ള ബി.ജെ.പിയുടെ ആറാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ഇതോടെ ലോക്‌സഭയിലെ 543 സീറ്റുകളിൽ 401 സീറ്റിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി.
രാജസ്ഥാനിലെ ദൗസ മണ്ഡലത്തിൽ കനയ്യ ലാൽ മീണയും കരൗലി-ദോൽപൂർ മണ്ഡലത്തിൽ ഇന്ദു ദേവിയുമാണ് സ്ഥാനാർത്ഥികൾ. കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിന്റെ സിറ്റിംഗ് സീറ്റായ മണിപ്പൂർ ഇന്നറിൽ തൗണോജം ബസന്ത കുമാർ സിംഗ് മത്സരിക്കും.

രാജസ്ഥാനിൽ സിറ്റിംഗ് എംപിമാരായ മനോജ് രജോറിയ ​​(കരൗലി-ദോൽപൂർ സീറ്റ്), ജസ്കൗർ മീണ (ദൗസ) എന്നിവരെ ഒഴിവാക്കി.