ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാൾ ഏപ്രിൽ ഒന്നുവരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. ആറു ദിവസത്തെ ചോദ്യം

ചെയ്യലിനുശേഷം കേജ്‌രിവാളിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ഡൽഹി റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയത്. ഏഴുദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ജഡ്ജി കാവേരി ബവേജ നാലു ദിവസം കൂടി അനുവദിക്കുകയായിരുന്നു.

കേജ്‌‌രിവാൾ 100 കോടി രൂപ കോഴ ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഗോവ തിരഞ്ഞെടുപ്പിൽ കോഴപ്പണം ഉപയോഗിച്ചു എന്നതിലടക്കം കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണ്. ചോദ്യങ്ങളിൽ നിന്ന് കേജ്‌‌രിവാൾ ഒഴിഞ്ഞുമാറുന്നുവെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയാണെന്നതു കൊണ്ട് കുറ്റവിമുക്തനാകില്ല. അറസ്റ്റിലടക്കം സാധാരണക്കാർക്കുള്ള അവകാശങ്ങൾ മാത്രമാണ് മുഖ്യമന്ത്രിക്കുമുള്ളത്. പ്രത്യേക പരിഗണനയില്ലെന്നും വ്യക്തമാക്കി.

നേരിട്ട് വാദിച്ച് കേജ്‌രിവാൾ

അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നെങ്കിലും അവരെ ഒഴിവാക്കി ഇന്നലെ കേജ്‌‌രിവാൾ കോടതിയിൽ നേരിട്ട് വാദിച്ചു. ഇ.ഡിയുടെ കസ്റ്റഡി ആവശ്യത്തെ കേജ്‌‌രിവാൾ എതിർത്തില്ല. ഇ.ഡി ആവശ്യപ്പെടുന്ന അത്രയുംകാലം റിമാൻഡിൽ സൂക്ഷിച്ചു കൊള്ളൂ എന്ന് വ്യക്തമാക്കി. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണ്. ഒരു കോടതിക്കും തന്നെ കുറ്രക്കാരനായി കണ്ടെത്താൻ കഴിയില്ലെന്നും വ്യക്തമാക്കി.