aam-aadmi

ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിലായതിന് പിന്നാലെ പഞ്ചാബിൽ 'ഒാപ്പറേഷൻ താമര'യിലൂടെ ആംആദ്‌മി എം.എൽ.എമാരെ അടർത്തിയെടുത്ത് സർക്കാരിനെ വീഴ്‌ത്താൻ ബി.ജെ.പി ശ്രമിക്കുന്നതായി ആരോപണം. പഞ്ചാബിലെ പാർട്ടി എം.എൽ.എമാർക്ക് പണവും സുരക്ഷയും സ്ഥാനവും വാഗ്ദാനം ചെയ്ത് ബി.ജെ.പിയിൽ ചേർക്കാൻ ശ്രമം നടക്കുകയാണെന്നും ഡൽഹി മന്ത്രിയും ആംആദ്‌മി നേതാവുമായ സൗരഭ് ഭരദ്വാജ് ആരോപിച്ചു.

സംസ്ഥാനത്തെ നിരവധി എം.എൽ.എമാർക്ക് ബി.ജെ.പിയിൽ ചേരാൻ പണവും വൈ കാറ്റഗറി സുരക്ഷയും സ്ഥാനങ്ങളും ലോക്‌സഭാ സീറ്റും വാഗ്‌ദാനം ചെയ്‌ത് ഫോൺ കോളുകൾ ലഭിച്ചു. ഇക്കാര്യം അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചതിൽ അഭിമാനമുണ്ട്. പഞ്ചാബിലെ പാർട്ടി എംപി സുശീൽ കുമാർ റിങ്കു, ജലന്ധർ വെസ്റ്റ് എം.എൽ.എ ശീതൾ അംഗുറൽ എന്നിവർ ബി.ജെ.പിയിൽ ചേർന്നത് ഇതിന്റെ ഭാഗമാണെന്ന് സൗരഭ് ചൂണ്ടിക്കാട്ടി. ആം ആദ്മി പാർട്ടിയെ തകർക്കാനും ഡൽഹിയിലെയും പഞ്ചാബിലെയും തങ്ങളുടെ സർക്കാരുകളെ താഴെയിറക്കാനും ഒാപ്പറേഷൻ താമര നടക്കുന്നുവെന്ന അരവിന്ദ് കേജ്‌രിവാളിന്റെ വാക്കുകൾ സത്യമായി.

പഞ്ചാബിൽ ബി.ജെ.പി നാലാം സ്ഥാനത്താണ്. ഇത്ര മോശം അവസ്ഥയിലുള്ള പാർട്ടി മറ്റു പാർട്ടി എം.എൽ.എമാരെ വിലക്കെടുക്കുന്നത് എന്തിനാകും.

സുശീൽ കുമാർ റിങ്കുവിന്റെ എംപി കാലാവധി അവസാനിച്ചു. അദ്ദേഹം എന്തിനാണ് ബി.ജെ.പിയിൽ ചേർന്ന് നാലാമനാകുന്നത് എന്നതാണ് ചോദ്യം-സൗരഭ് കൂട്ടിച്ചേർത്തു.