amit-shah

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിലെ 26 ലോക്‌സഭ മണ്ഡലങ്ങളിലും ബി.ജെ.പി ആധിപത്യമാണ്. 1989നുശേഷം ബി.ജെ.പിയെ മാത്രം ജയിപ്പിച്ചിട്ടുള്ള ഗാന്ധിനഗർ ലോക്‌സഭ മണ്ഡലം സംസ്ഥാനത്തെ ബി.ജെ.പി കോട്ടകളിലൊന്നാണ്. മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എൽ.കെ.അദ്വാനിയെ ആറു തവണ ജയിപ്പിച്ചയിടം. ഒരു തവണ അടൽ ബിഹാരി വാജ്‌പേയിയേയും തുടർന്ന് 2019ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ലോക്‌‌സഭയിലെത്തിച്ചു.

ഇക്കുറി അമിത് ഷായ്ക്കെതിരെ സോണാൽ പട്ടേലിനെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. മഹാരാഷ്ട്രയുടെ സഹ ചുമതലയുള്ള സോണാൽ പട്ടേൽ ഗുജറാത്ത് മഹിള കോൺഗ്രസ് മുൻ പ്രസിഡന്റാണ്. ആർക്കിടെക്‌ട് കൂടിയായ ഇവർ ഏറെക്കാലമായി പാർട്ടിയിൽ സജീവം. പിതാവ് രമൺഭായ് പട്ടേൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.

2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ ഗുജറാത്തിലെ തന്റെ വിശ്വസ്‌തനായിരുന്ന അമിത് ഷായെ ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. 2014 ജൂലായിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷാ 2017 മുതൽ 2019വരെ രാജ്യസഭാംഗമായിരുന്നു. 2019ൽ ഗാന്ധിനഗറിൽ നിന്ന്

5,57,014 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലോക്‌സഭയിലെത്തിയ ശേഷം മോദി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായി. സിറ്റിംഗ് എം.പിയായ എൽ.കെ.അദ്വാനിയെ മുരളീമനോഹർ ജോഷിക്കൊപ്പം മത്സരിപ്പിക്കാതെ മാറ്റി നിറുത്തി അമിത് ഷായ്ക്ക് ഗാന്ധിനഗറിൽ അവസരം നൽകിയത് വിവാദമായിരുന്നു.

മണ്ഡലത്തിലെ റെക്കാഡ് വിജയമാണ് 2019ൽ അമിത് ഷാ കുറിച്ചത്,​ 8,94,624 വോട്ടുകൾ(69.58%). 2014ൽ അദ്വാനി ആറാം തവണയും വിജയിച്ചത് 7,73,539 വോട്ടുകൾ(68.03%) നേടിയായിരുന്നു. 4,83,121 വോട്ടിന്റെ ഭൂരിപക്ഷം.

ഗാന്ധിനഗർ മുൻ വിജയികൾ
എൽ.കെ.അദ്വാനി (ബി.ജെ.പി): 2009, 2004, 1999, 1998, 1991
വിജയ്ഭായ് പട്ടേൽ (ബി.ജെ.പി): 1996 ഉപതിരഞ്ഞെടുപ്പ്
അടൽ ബിഹാരി വാജ്‌പേയി (ബി.ജെ.പി): 1996
ശങ്കർസിംഗ് വഗേല (ബി.ജെ.പി): 1989
ജി.ഐ.പട്ടേൽ (കോൺഗ്രസ്): 1984
അമൃത് മോഹനൽ പട്ടേൽ (കോൺഗ്രസ്): 1980
പുരുഷോത്തം ഗണേഷ് മാവലങ്കർ (ബി.എൽ.ഡി): 1977

(1996-ൽ ജയിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ലഖ്‌നൗ മണ്ഡലം നിലനിറുത്താനായി രാജിവച്ചിരുന്നു.)

2019ലെ ഫലം:

അമിത് ഷാ (ബി.ജെ.പി): 8,94,624 വോട്ടുകൾ (69.58%)

ചതുർസിംഗ് ജവാൻജി ചാവ്‌ഡ (കോൺഗ്രസ്): 3,37,610 (26%)

ജയേന്ദ്ര റാഥോഡ്(ബി.എസ്.പി): 6400(0.5%)