
ന്യൂഡൽഹി: കോൺഗ്രസിനും ബി.ജെ.പിക്കുമൊപ്പം പ്രവർത്തിച്ച, ബീഹാറിൽ ദളിത് വിഭാഗങ്ങൾക്കിടയിൽ സ്വീകാര്യനായ രാംവിലാസ് പാസ്വാന്റെ ഓർമ്മകളുറങ്ങുന്ന മണ്ഡലമാണ് ഹാജിപ്പൂർ. പിതാവിന്റെ പാരമ്പര്യം തുടരാൻ മകൻ ചിരാഗ് പാസ്വാൻ ഇവിടെ മത്സരിക്കുമെന്ന് ലോക്‌ജൻ ശക്തി പാർട്ടി ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്.
ബീഹാറിലെ 40 ലോക്‌സഭ സീറ്റുകളിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്‌ത ആറു സീറ്റുകളിലൊന്നാണ് ഹാജിപൂർ. രാം വിലാസ് പാസ്വാനാണ് (1977-2019ൽ 8തവണ) മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയിച്ചത്. 1984, 2009 വർഷങ്ങളിൽ പരാജയപ്പെടുകയും 1991ൽ റോസെരയിലേക്ക് മാറുകയും ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ മണ്ഡലമെന്ന പേരിലാണ് ഹാജിപ്പൂർ ദേശീയ രാഷ്‌ട്രീയത്തിൽ അറിയപ്പെടുന്നത്. ഇളയ സഹോദരൻ പശുപതി കുമാർ പരസിന് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്ത 2019ൽ മാത്രമാണ് 42 വർഷത്തിനിടെ അദ്ദേഹം മത്സരിക്കാതിരുന്നത്.
1977ൽ കോൺഗ്രസിന്റ കെ.ബലേശ്വർ റാമിനെതിരെ പാസ്വാൻ നേടിയ 89.3 ശതമാനം വോട്ടുകൾ ഇന്ത്യൻ തിരഞ്ഞെടുപ്പിലെ എക്കാലത്തെയും മികച്ച പ്രകടനമാണ്. 4.24 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പാസ്വാൻ ജയിച്ച തിരഞ്ഞെടുപ്പിൽ ബലേശ്വറിന് കിട്ടിയത് 44.462(8.47%) വോട്ടുകൾ മാത്രം. (ആന്ധ്രപ്രദേശിലെ നന്ദ്യാലിൽ 1991ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു കുറിച്ച 89.48 ശതമാനമാണ് ഏറ്റവും മികച്ച വിജയം).
പാർട്ടികൾ മാറിയും മുന്നണികൾക്കിടയിൽ ചാഞ്ചാടിയും രാംവിലാസ് പാസ്വാൻ നടത്തിയ രാഷ്‌ട്രീയ ട്രിപ്പീസ് കളിയുടെ ചിത്രവും മണ്ഡലത്തിലുണ്ട്. 1977ൽ ആദ്യ ജയം ജനതാപാർട്ടി ലേബലിൽ. 1980ൽ ജനതാപാർട്ടി (സെക്യുലർ).1980- 1998 കാലത്ത് ജനതാദൾ. 1999ൽ ജെ.ഡി.യു. ജനതാദളിൽ നിന്ന് വേറിട്ട് പാസ്വാൻ സ്വന്തമായി രൂപീകരിച്ച എൽ.ജെ.പി ലേബിലാണ് 2004നുശേഷം മത്സരിച്ചത്.
എൻ.ഡി.എ സീറ്റ് വിഭജന ധാരണ പ്രകാരം ഹാജിപൂർ, വൈശാലി, സമസ്തിപൂർ, ഖഗാരിയ, ജാമുയി മണ്ഡലങ്ങളാണ് ചിരാഗിന് ലഭിച്ചത്. രാജേഷ് വർമ(ഖഗാരി), ശാംഭവി ചൗധരി(സമസ്തിപൂർ), വീണാദേവി(വൈശാലി) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.