
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ 27 അംഗ സമിതിക്ക് ബി.ജെ.പി രൂപം നൽകി. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ കൺവീനറും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സഹകൺവീനറുമായ സമിതിയിൽ കേരളത്തിൽ നിന്ന് ദേശീയ സെക്രട്ടറിയും പത്തനംതിട്ട സ്ഥാനാർത്ഥിയുമായ അനിൽ ആന്റണിയും കർണാടകത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും അംഗങ്ങളാണ്.
നാല് മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്. മോഹൻ യാദവ് (മദ്ധ്യപ്രദേശ്), ഹിമന്ത ബിശ്വ ശർമ്മ (അസാം), വിഷ്ണു ദിയോ സായ് (ഛത്തീസ്ഗഢ്), ഭൂപേന്ദ്ര പട്ടേൽ (ഗുജറാത്ത്).
ബിഹാർ നേതാക്കളായ സുശീൽ കുമാർ മോദി, രവിശങ്കർ പ്രസാദ്, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മുൻ കേന്ദ്രമന്ത്രി ജുവൽ ഓറം, ഹരിയാന മുൻ അദ്ധ്യക്ഷൻ ഒ.പി. ധൻങ്കർ, സംഘടനാ നേതാക്കളായ വിനോദ് താവ്ഡെ, രാധാമോഹൻ ദാസ് അഗർവാൾ, മഞ്ജീന്ദർ സിംഗ് സിർസ, താരിഖ് മൻസൂർ എന്നിവരാണ് മറ്റ് അംഗങ്ങൾ. അനിൽ ആന്റണി ക്രിസ്‌ത്യൻ സമുദായത്തെയും മൻസൂർ മുസ്ളിം വിഭാഗത്തെയും പ്രതിനിധീകരിക്കുന്നു.