india

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റു ചെയ്‌തതടക്കം പ്രതിപക്ഷ നേതാക്കൾക്കെതിരായ നടപടികളിൽ പ്രതിഷേധിക്കാൻ 'ഇന്ത്യ' മുന്നണി ആഹ്വാനം ചെയ്‌ത ജനാധിപത്യ, ഭരണഘടനാ സംരക്ഷണ റാലി ഇന്ന് ഡൽഹി രാംലീലാ മൈതാനിയിൽ.

പ്രതിപക്ഷ പാർട്ടികൾക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗമാണ് റാലിയുടെ പ്രധാന അജണ്ട.

'ഇന്ത്യ' മുന്നണി രൂപീകരിച്ച ശേഷം നേതാക്കൾ ഒരേവേദിയിൽ അണിനിരക്കുന്ന ആദ്യറാലിയാണ്. ഭോപ്പാലിൽ നടത്താനിരുന്ന റാലി കോൺഗ്രസിലെ ഭിന്നതകളെ തുടർന്ന് മാറ്റിവച്ചിരുന്നു. കേജ്‌രിവാളിന്റെ അറസ്റ്റിനെ തുടർന്ന് മുന്നണിക്കുള്ളിലുണ്ടായ ഐക്യത്തിന്റെ പ്രതിഫലനം കൂടിയാണ് ഡൽഹി റാലി. തിരഞ്ഞെടുപ്പ് സീറ്റ് വിഭജന തർക്കങ്ങളും റാലിയോടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.

തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ബി.ജെ.പി 8200 കോടി രൂപ സമാഹരിച്ചത് 75 വർഷത്തെ ഏറ്റവും വലിയ അഴിമതിയാണെന്നും അത് റാലിയിൽ ഉയർത്തിക്കാട്ടുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജയറാം രമേശ്, ദീപക് ബാബരിയ, ഡൽഹി പി.സി.സി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി എന്നിവർ പറഞ്ഞു.

റാലിക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. ഇന്നലെ രാവിലെയാണ് അനുമതി ലഭിച്ചത്.

പ്രതിപക്ഷ നേതാക്കൾ

ഒരേവേദിയിൽ

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ജെ.എം.എം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ചമ്പൈ സോറൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ വേദിയിൽ അണിനിരക്കും.