
ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആംആദ്‌മി നേതാവും ഡൽഹി മന്ത്രിയുമായ കൈലാഷ് ഗെലോട്ടിനെ ഇ.ഡി ചോദ്യം ചെയ്‌തു. ആഭ്യന്തരം, ഗതാഗതം, നിയമം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കൈലാഷിനെ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്‌തു. ഇ.ഡി വിളിച്ചാൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അദ്ദേഹം പറഞ്ഞു.
മാപ്പുസാക്ഷിയുടെ പിതാവ്
സ്ഥാനാർത്ഥി
മദ്യനയക്കേസിൽ മാപ്പുസാക്ഷിയായ രാഘവ മഗന്ത റെഡ്ഡിയുടെ പിതാവ് മഗന്ത ശ്രീനിവാസുലു റെഡ്ഡിയെ ആന്ധ്രയിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ടി.ഡി.പി ഓൺഗോൾ ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി. ഇരുവരും വൈ.എസ്.ആർ. കോൺഗ്രസിൽ നിന്ന് കഴിഞ്ഞ മാസമാണ് ടി.ഡി.പിയിൽ എത്തിയത്. ഓൺഗോളിൽ രാഘവ മഗന്ത റെഡ്ഡിക്കായിരുന്നു സാദ്ധ്യതയെങ്കിലും കേസുള്ളതിനാൽ ഒഴിവാക്കിയെന്നാണ് സൂചന.
സുനിതയ്‌ക്ക് പിന്തുണയുമായി
സോറന്റെ ഭാര്യ
അറസ്റ്റിലായ കേജ്‌രിവാളിന് പിന്തുണയുമായി ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന. 600 കോടി രൂപയുടെ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റു ചെയ്‌ത ഹേമന്ത് സോറനും ജയിലിലാണ്. ഡൽഹിയിൽ കേജ്‌രിവാളിന്റെ വസതിയിലെത്തിയ കൽപന സുനിതയുമായി കൂടിക്കാഴ്ച നടത്തി. രണ്ടുമാസം മുൻപ് ജാർഖണ്ഡിൽ സംഭവിച്ചതു തന്നെയാണ് ഡൽഹിൽ ആവർത്തിച്ചതെന്ന് കൽപന പറഞ്ഞു. കേന്ദ്ര ഏജൻസികളെ വച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്ന ചിത്രം ബി.ജെ.പിയെ ഭയപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാട്ടി.