puri-election

ന്യൂഡൽഹി: പുരി ജഗന്നാഥന്റെ മണ്ണിൽ ഇത്തവണ മുഖ്യ പോരാട്ടം ബിജു ജനതാദളിന്റെ സ്ഥാനാർത്ഥിയായ മുംബയ് മുൻ പൊലീസ് കമ്മിഷണർ അരുപ് പട്നായികും ബി.ജെ.പി ദേശീയ വക്താവ് ഡോ. സംബിത് പാത്രയും തമ്മിലാണ്. സർവീസ് കാലയളവിൽ 'ആദ്യം ആക്ഷൻ, പിന്നീട് സെക്ഷൻ (വകുപ്പ്)​' എന്ന നിലപാടെടുത്തിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അരുപ്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന് പിന്നാലെ മുംബയിൽ 1992-93 കാലഘട്ടത്തിലുണ്ടായ വർഗീയ ലഹള അടിച്ചമർത്തുന്നതിൽ അന്ന് അവിടെ ഡി.സി.പിയായിരുന്ന അരുപ് നിർണായകപങ്ക് വഹിച്ചിരുന്നു. മുംബയിലെ സ്ഫോടനപരമ്പര കേസുകളുടെ അന്വേഷണത്തിലും,​ ഹർഷദ് മേത്ത ഓഹരി കുംഭക്കോണ കേസിലെ സി.ബി.ഐ അന്വേഷണ സംഘത്തിന്റെയും ഭാഗമായി.

2015ൽ റിട്ടയർ ചെയ്തു. 2018ൽ ബിജു ജനതാദളിൽ ചേർന്നു. സാമൂഹ്യസേവന രംഗത്ത് സജീവമാണ്. ക്യാൻസർ രോഗികളുടെ അഭയകേന്ദ്രമായ കൊണാർക്ക് ക്യാൻസർ ഫൗണ്ടേഷൻ സ്ഥാപിച്ചു. ഒഡിഷ സർക്കാരിന്റെ സാമൂഹ്യപദ്ധതിയായ 'മോ പരിവാറിന്" (എന്റെ കുടുംബം) നേതൃത്വം നൽകുന്നത് അരുപാണ്.

2019ൽ 11714 വോട്ടുകൾക്ക് പരാജയപ്പെട്ട പുരിയിൽ വീണ്ടും അങ്കത്തിനിറങ്ങിയിരിക്കുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി സംബിത് പാത്ര. ഐ.ടി.ഡി.സി ചെയർമാൻ കൂടിയാണ്. എം.ബി.ബി.എസും സർജറിയിൽ ബിരുദാനന്തര ബിരുദവും നേടിയ സംബിത്, ഡൽഹിയിലെ ഹിന്ദു റാവു ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. 2011ൽ ബി.ജെ.പി ഡൽഹി ഘടകത്തിന്റെ വക്താവായി.

1998 മുതൽ ബിജു ജനതാദളിന്റെ തട്ടകമാണ് പുരി. 2009 മുതൽ പിനാകി മിശ്ര തുടർച്ചയായി മൂന്നുതവണ വിജയിച്ചു. സിറ്റിംഗ് എം.പിയായ പിനാകി മിശ്രയെ മാറ്റിയാണ് അരുപ് പട്നായികിനെ ഇക്കുറി ബിജു ജനതാദൾ കളത്തിലിറക്കിയിരിക്കുന്നത്. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മേയ് 25ന് ആറാംഘട്ടത്തിലാണ് വോട്ടെടുപ്പ്.

 2019ലെ ഫലം

1.പിനാകി മിശ്ര (ബിജു ജനതാദൾ )- 5,38,321 വോട്ട്

വോട്ടു വിഹിതം - 47.40 ശതമാനം

2. സംബിത് പത്ര (ബി.ജെ.പി )- 5,26,607 വോട്ട്

വോട്ടു വിഹിതം- 46.37 ശതമാനം

3.സത്യപ്രകാശ് നായക് (കോൺഗ്രസ്) - 44,734 വോട്ട്

വോട്ടു വിഹിതം- 3.94 ശതമാനം

ഫോട്ടോ ക്യാപ്ഷൻ : 1) സാംബിത് പാത്ര

2) അരുപ് പട്നായിക്