priyanka

ന്യൂഡൽഹി: ശ്രീരാമൻ സത്യത്തിനുവേണ്ടി പോരാടിയപ്പോൾ അദ്ദേഹത്തിന് രഥമോ അധികാരമോ സമ്പത്തോ ഇല്ലായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാംലീല മൈതാനിയിൽ പ്രതിപക്ഷ സഖ്യത്തിന്റെ മെഗാറാലിയിൽ സംസാരിക്കവെയാണ് പ്രിയങ്ക രാമ - രാവണ താരതമ്യം നടത്തിയത്. സത്യവും സ്നേഹവും പ്രതീക്ഷയും വിനയവും ധൈര്യവുമാണ് രാമനുണ്ടായിരുന്നത്. രാവണന്റെ പക്കലായിരുന്നു അധികാരവും സ്വർണവും രഥവും സേനയും. അധികാരം സ്ഥിരമല്ലെന്നും അഹങ്കാരം തകർന്നുപോകുമെന്നും ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രിയങ്ക ഓർമ്മിപ്പിച്ചു.

ആർ.എസ്.എസും ബി.ജെ.പിയും വിഷത്തിന് തുല്യമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു. ഒരിക്കലും രുചിക്കരുത്. രാജ്യത്തെ നശിപ്പിക്കുകയാണ്. കൂടുതൽ നശീകരണത്തിൽ നിന്ന് തടയണമെന്നും ഖാർഗെ പറഞ്ഞു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു .മോദി ആർക്കും ജോലി കൊടുത്തില്ല. എല്ലാം സ്വകാര്യവത്ക്കരിച്ചു.ജയിലിൽ ഇട്ടാൽ പേടിക്കുന്നവരല്ല പ്രതിപക്ഷ നേതാക്കൾ. ചൈനീസ് ഉത്പന്നങ്ങളെപ്പോലെയാണ് മോദിയുടെ ഗ്യാരന്റി. ഒരുറപ്പുമില്ല.

400 കടക്കുമെങ്കിൽ ബി.ജെ.പി കേജ് രിവാളിനെ ഭയപ്പെടുന്നത് എന്തിനെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചോദിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ നുണപാർട്ടിയാണ് ബി.ജെ.പിയെന്ന് പരിഹസിച്ചു.

ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പയ് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ശരദ്പവാർ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖോറും അനിസ് ഒമർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, ഉദ്ദവ് താക്കറെ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയൻ, നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി തുടങ്ങിയവർ സംസാരിച്ചു. അതേസമയം വേദിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന, കേജ് രിവാൾ ജയിലഴിക്കുള്ളിൽ നിൽക്കുന്ന രീതിയിലുള്ള പോസ്റ്റർ നീക്കം ചെയ്തു. വ്യക്തിയെ കേന്ദ്രീകരിച്ചുള്ള റാലിയല്ലെന്ന് കോൺഗ്രസ് നിലപാടെടുത്തതോടെയാണ് ഇതെന്ന് സൂചനയുണ്ട്.