supreme-court

കൊച്ചി: ബി.ജെ.പി 2016ലാണ് കേരള നിയമസഭയിൽ അക്കൗണ്ട് തുറന്നതെങ്കിലും അതിനൊക്കെ ഏറെ മുന്നേ ലോക്‌സഭയിലേക്ക് സംസ്ഥാനത്തുനിന്നു എൻ.ഡി.എ പ്രതിനിധിയെത്തിയിരുന്നു. മൂവാറ്റുപുഴയിൽ നിന്നാണ് പി.സി.തോമസ് എൻ.ഡി.എ ബാനറിൽ വിജയിച്ചത്. എന്നാൽ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ആ അക്കൗണ്ട് പരമോന്നത കോടതി മരവിപ്പിച്ചു. പകരം വിജയിയായി പ്രഖ്യാപിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി.എം.ഇസ്മായിലിനു ഒരുദിവസം പോലും എം.പിയായിരിക്കാൻ യോഗമുണ്ടായില്ല.

2004ലെ പി.സി.തോമസിന്റെ തിരഞ്ഞെടുപ്പു വിജയമാണ് കോടതി കയറിയത്. യു.ഡി.എഫ് ടിക്കറ്റിൽ മൂവാറ്റുപുഴയിൽ പലതവണ ജയിച്ച പി.സി.തോമസ് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് ഐ.എഫ്.ഡി.പി രൂപീകരിച്ച് ബി.ജെ.പി ചേരിയിലെത്തിയ ശേഷം എൻ.ഡി.എ ലേബലിൽ മത്സരിക്കുകയായിരുന്നു. എൽ.ഡി.എഫിൽ നിന്ന് ഇസ്മായിലും യു.ഡി.എഫിൽ നിന്ന് ജോസ് കെ.മാണിയും ചേർന്നതോടെ കടുത്ത ത്രികോണമത്സരമായി.

വാജ്‌പേയി സർക്കാരിലെ നിയമസഹമന്ത്രിയെന്ന പരിവേഷവും ജനപ്രീതിയും ചേർന്നപ്പോൾ പി.സി.തോമസ് 529 വോട്ടിന്റെ നേരിയ ഭൂരിപക്ഷം നേടി. തു‌ടർന്ന്, തോമസ് മതവികാരം മുതലെടുക്കുന്ന പ്രചാരണം നടത്തിയെന്നാരോപിച്ച് ഇസ്മായിൽ കോടതിയിലെത്തി. ഹൈക്കോടതിയും സുപ്രീംകോടതിയും പി.സി.തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെങ്കിലും കേസ് നടപടികൾ നീണ്ടതിനാൽ അദ്ദേഹം അഞ്ചു വർഷവും എം.പിയായി പ്രവർത്തിച്ചു. ഒടുവിൽ വിജയിയായി പ്രഖ്യാപിച്ച പി.എം.ഇസ്മായിലിനു, 14-ാം ലോക്‌സഭയുടെ കാലാവധി പൂർത്തിയായതിനാൽ ഒരു ദിവസം പോലും പദവിയിൽ ഇരിക്കാനായില്ല.

2003- 2004 കാലയളവിലാണ് പി.സി.തോമസ് കേന്ദ്രമന്ത്രിയായത്. 2021ൽ എൻ.ഡി.എ വിട്ട പി.സി.തോമസ് ഇപ്പോൾ ജോസഫ് ഗ്രൂപ്പിനൊപ്പമാണ്. എൻ.ഡി.എയ്ക്ക് ആദ്യമായി ഭൂരിപക്ഷം നൽകിയ മൂവാറ്റുപുഴ ലോക്‌സഭ മണ്ഡലം പിന്നീട് ഇടുക്കി, ചാലക്കുടി, കോട്ടയം മണ്ഡലങ്ങളിൽ ലയിച്ച് ഓർമ്മയായി.