election

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ‌ട്വന്റി 20 പാർട്ടിയുടെ തീരുമാനം വെല്ലുവിളിയാകില്ലെന്ന് വിലയിരുത്തുമ്പോഴും മുന്നണികൾക്ക് ആശങ്കയൊഴിയുന്നില്ല. ട്വന്റി 20യുടെ ആസ്ഥാനമായ കിഴക്കമ്പലം ഉൾപ്പെട്ട ചാലക്കുടി മണ്ഡലമാണ് ശ്രദ്ധാകേന്ദ്രമാവുക. നിഷ്‌പക്ഷ വോട്ടർമാർ ധാരാളമുള്ള നഗരമേഖലകളും ട്വന്റി 20 സ്ഥാനാർത്ഥികളുടെ ക്രൈസ്തവസഭാ ബന്ധവും മുന്നണികളുടെ വിജയപരാജയങ്ങളെ സ്വാധീനിക്കുമോയെന്ന ചിന്തയിലാണ് പ്രധാന പാർട്ടികൾ.

എറണാകുളത്ത് അഡ്വ. ആന്റണി ജൂഡി, ചാലക്കുടിയിൽ അഡ്വ. ചാർലി പോൾ എന്നിവർ ട്വന്റി 20 സ്ഥാനാർത്ഥികളാകും. സംസ്ഥാനം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ടു മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിച്ചിരുന്നു.

ചാലക്കുടിയിലെ കുന്നത്തുനാട്, ആലുവ, പെരുമ്പാവൂർ നിയമസഭാ മണ്ഡലങ്ങളിൽ ട്വന്റി 20 സജീവമാണ്. ആലുവയിലൊഴികെ പഞ്ചായത്തുകൾ ഭരിക്കുന്നുണ്ട്.

ചാലക്കുടിയിൽ കോൺഗ്രസിലെ ബെന്നി ബഹനാനും സി.പി.എമ്മിലെ സി. രവീന്ദ്രനാഥും തമ്മിലാകും പ്രധാനമത്സരം.

മുഖ്യശത്രു എൽ.ഡി.എഫ്

എൽ.ഡി.എഫിനോടാണ് ട്വന്റി 20 നേതൃത്വത്തിന് കൂടുതൽ പ്രതിഷേധം. എൽ.ഡി.എഫ് സർക്കാരിനെതിരെയും നേതാക്കൾക്കെതിരെയും രൂക്ഷമായ നിലപാടാണ് സാബു എം. ജേക്കബ് പുലർത്തുന്നത്.

ട്വന്റി 20യുടെ മത്സരത്തെക്കുറിച്ച് പരസ്യപ്രകടനം മുന്നണി നേതാക്കൾ നടത്തിയിട്ടില്ല. രണ്ടു സ്ഥാനാർത്ഥികളുടെയും ക്രൈസ്തവസഭാ ബന്ധം വോട്ടുമറിയലിന് കാരണമാകുമോയെന്ന് നേതാക്കൾ വിലയിരുത്തുന്നുണ്ട്. ചാർലി പോളും ആന്റണി ജൂഡിയും സഭാസംഘടനകളുടെ ഭാരവാഹികളുമായിരുന്നു.

ആശ്വസിക്കാനുമുണ്ട്

സ്ഥാനാർത്ഥികൾ പുതുമുഖങ്ങളാണെന്നതും ജനകീയരല്ലെന്നതും മുന്നണികൾക്ക് ആശ്വാസം നൽകുന്നു. രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്തതും അനുകൂലമാകുമെന്ന പ്രതീക്ഷയാണ് നേതാക്കൾക്ക്.

''ട്വന്റി 20 പാർട്ടിയുടെ വികസനോന്മുഖമായ നവബദൽ രാഷ്ട്രീയത്തിനാണ് പ്രസക്തി. മുന്നണികളിൽ വിശ്വാസം നഷ്ടപ്പെട്ട മലയാളികൾ ട്വന്റി 20യുടെ നന്മയുടെ രാഷ്ട്രീയം ഏറ്റുവാങ്ങും""

സാബു എം. ജേക്കബ്

പ്രസിഡന്റ്, ട്വന്റി 20 പാർട്ടി