peethambaran

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുമുന്നണി മികച്ച വിജയം പ്രവചിക്കുകയാണ് എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ. ചെറിയ ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും 93-ാം വയസിലും പ്രചാരണത്തിനുള്ള തയ്യാറെടുപ്പിലുമാണ് അദ്ദേഹം.

ദേശീയതലത്തിൽ മോദിയോട് കിടപിടിക്കാൻ ബദൽ മുന്നണിയെന്ന ആശയം ഫലപ്രദമായിട്ടില്ലെങ്കിലും കേരളത്തിൽ എൽ.ഡി.എഫിന്റെ സാദ്ധ്യതയ്ക്ക് കോട്ടമില്ലെന്നാണ് ടി.പിയുടെ വിലയിരുത്തൽ.

1944-48ൽ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ടി.പി. പീതാംബരൻ പൊതുരംഗ പ്രവേശനം. പിന്നീട് സ്‌കൂൾ അദ്ധ്യാപകനായി. 1948ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അംഗമായി. 1978ൽ കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് എസിന്റെ ഭാഗമായി. ജില്ലാ പ്രസിഡന്റ് മുതൽ സംസ്ഥാന ജനറൽ സെക്രട്ടറി വരെയുള്ള പദവികൾ വഹിച്ചു. കോൺഗ്രസ് (എസ്) 1999ൽ എൻ.സി.പിയിൽ ലയിച്ചപ്പോൾ ജനറൽ സെക്രട്ടറിയും പിന്നീട് സംസ്ഥാന പ്രസിഡന്റുമായി. നിലവിൽ എൻ.സി.പി ശരത് പവാർ പക്ഷത്തിന്റ ദേശിയ ജനറൽ സെക്രട്ടറിയാണ്. 1980 മുതൽ 1991 വരെ മൂന്നുതവണ പള്ളുരുത്തിയിൽ നിന്ന് നിയമസഭയിലുമെത്തി


 ദേശീയ രാഷ്ട്രീയത്തിൽ ബദൽ മുന്നണിയുടെ ഭാവി എന്താകും ?

നരേന്ദ്ര മോദി പ്രഭാവത്തിനാണ് ദേശീയ രാഷ്ട്രീയത്തിൽ മുൻതൂക്കം.അതിനെ പ്രതിരോധിക്കാൻ ബദൽ മുന്നണി പ്രായോഗികമായിട്ടില്ല.

 സമീപകാലത്തെ വിവാദങ്ങൾ ഇടതുമുന്നണിയെ ബാധിക്കുമോ ?

നിഷ്‌പക്ഷമതികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സാധിക്കുമെങ്കിലുംപരമ്പരാഗതമായി ഇടതുപക്ഷത്തിന് അടിത്തറയുള്ള നാടാണ് കേരളം. അടിസ്ഥാന

രഹിതമായ വിവാദങ്ങളൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല.


 എൻ.സി.പിയുടെ അനിശ്ചിതത്വം കേരളഘടകത്തെ എങ്ങനെ സ്വാധീനിക്കും ?

എൻ.സി.പി കേരളഘടകം ശരത് പവാറിനൊപ്പമാണ്. പുതിയ കൊടിയും ചിഹ്നവും ആണെന്നതൊഴിച്ചാൽ പാർട്ടിക്ക് ക്ഷീണമൊന്നുമില്ല. അജിത് പവാർ പക്ഷത്ത് കുറച്ച് എം.എൽ.എമാരും നേതാക്കളും ബി.ജെ.പിയോട് സന്ധിചെയ്യുന്നു. കേരള ഘടകം അടിയുറച്ച മതേതര സോഷ്യലിസ്റ്റ് പക്ഷക്കാരാണ്.