p

കൊച്ചി: അഞ്ചു നിലയുള്ള പ്രധാന ഓഫീസും ആറുനില ക്വാർട്ടേഴ്സ് സമുച്ചയവുമായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) സ്വന്തം കെട്ടിടം കളമശേരിയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. എൻ.ഐ.എയുടെ ദക്ഷിണേന്ത്യൻ ആസ്ഥാനമായി മാറ്റാൻ കഴിയുന്ന ആധുനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കുന്നുണ്ട്. ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ല.

ഡൽഹിക്ക് പുറത്ത് എൻ.ഐ.എയുടെ ആദ്യത്തെ സ്വന്തം കെട്ടിടമാണ് കൊച്ചിയിലേത്. കടവന്ത്രയിൽ വാടക കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യയിൽ തീവ്രവാദം ഉൾപ്പെ‌ടെയുള്ള കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിൽ സ്വന്തം കെട്ടിടം നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. എച്ച്.എം.ടിക്കും ഗവ.മെഡിക്കൽ കോളേജിനുമിടയിൽ 2018ൽ സർക്കാർ നൽകിയ മൂന്നേക്കർ സ്ഥലത്ത് 2022ലാണ് നിർമ്മാണം തുടങ്ങിയത്.

ഹൈദരാബാദിലെ ഡി.ഐ.ജി ഓഫീസിന് കീഴിലാണ് എസ്.പി തലവനായ കൊച്ചി യൂണിറ്റ്. തമിഴ്നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി മേഖലകൾ ഇതിന് കീഴിലാണ്. സ്വന്തം ഓഫീസ് പ്രവർത്തനം ആരംഭിച്ചാൽ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ഡി.ഐ.ജി നേതൃത്വം നൽകുന്ന യൂണിറ്റായി ഉയർത്തുമെന്നും എൻ.ഐ.എ വൃത്തങ്ങൾ സൂചിപ്പിച്ചു.

നാലാമത്തെ ഓഫീസ്

1.2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിൽ എൻ.ഐ.എ രൂപീകരിച്ചത്

2.ഡൽഹി, ഗുഹാവത്തി, ഹൈദരാബാദ് എന്നിവിടങ്ങൾക്കുശേഷം നാലാമത്തെ ഓഫീസ് 2011ൽ കൊച്ചിയിൽ തുറന്നു

3.2013ൽ മഞ്ചേരി കള്ളനോട്ട് കേസാണ് ആദ്യം രജിസ്റ്റർ ചെയ്തത്

4.കാസർകോട് പെരിയ ചപ്പാരത്ത് പൊലീസിനു നേരെയുണ്ടായ

മാവോയിസ്റ്റ് വെടിവയ്പാണ് ഒടുവിൽ രജിസ്റ്റർ ചെയ്ത കേസ്

50 കോടി

കെട്ടിട നിർമ്മാണച്ചെലവ്

സൗകര്യങ്ങൾ

പ്രധാന ഓഫീസ് കെട്ടിടം, ആറുനില ഭവനസമുച്ചയം, സൈബർ സെൽ, ഫോറൻസിക് ലാബ്, ചോദ്യം ചെയ്യൽ മുറികൾ, ലോക്കപ്പുകൾ, ലൈബ്രറി