ration

കൊച്ചി: റേഷൻ വിതരണത്തിനു പുറമെ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക് ) കാർഡ് ഉടമകളുടെ മസ്റ്ററിംഗും ചെയ്യാനുള്ള നിർദ്ദേശം റേഷൻ കടകളെ ബുദ്ധിമുട്ടിലാക്കി. അക്ഷയ കേന്ദ്രങ്ങളിൽ 30 രൂപ ഈടാക്കുന്ന സേവനമാണ് റേഷൻ വ്യാപാരികൾ സൗജന്യമായി ചെയ്യേണ്ടത്. ഇ-പോസ് മെഷീനിന്റെ മെല്ലെപ്പോക്കും ചേർന്നതോടെ വെട്ടിലായിരിക്കുകയാണ് റേഷൻ കടകൾ.

കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച മസ്റ്രറിംഗ് മാർച്ച് 18നകം തീർക്കാനാണ് നിർദ്ദേശം. ആധാർ കാർഡും റേഷൻ കാർഡുമായി എത്തിയാൽ ഇ-പോസ് യന്ത്രം വഴി സൗജന്യമായി മസ്റ്ററിംഗ് നടത്താനാകും. പക്ഷേ, യന്ത്രം മിക്കപ്പോഴും മെല്ലെപ്പോക്കിലായിരിക്കും.

പഞ്ചായത്ത് അടിസ്ഥാനത്തിൽ മസ്റ്ററിംഗ് നടത്താനാണ് സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് റേഷൻകടകളിലേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിലുള്ള ഒന്നര കോടയിലേറെ അംഗങ്ങളുടെ മസ്റ്ററിംഗ് മാർച്ച് 18നുള്ളിൽ പൂർത്തിയാക്കൽ എളുപ്പമല്ല.

പഠനവും ജോലിയുമെല്ലാം ഒഴിവാക്കി മസ്റ്ററിംഗിന് എത്തേണ്ടി വരും. മസ്റ്ററിംഗ് ചെയ്യാത്ത അംഗങ്ങൾ കാർഡിൽ നിന്ന് ഒഴിവാകും. ഇവർ പിന്നീട് സപ്ലൈ ഓഫീസിൽ അപേക്ഷ നൽകി അംഗമാകേണ്ടി വരും.

തർക്കം പതിവ്; പ്രതിഫലം നൽകണം

റേഷൻ വിതരണ സമയത്തെ മസ്റ്രറിംഗ് കടയിൽ തർക്കത്തിന് കാരണമാകുന്നുണ്ട്. ഇതിനൊപ്പമാണ് സെർവർ തകരാറും. ഏറെ സമയനഷ്ടവും മനക്ളേശവുമുണ്ടാക്കുന്ന ഈ ജോലിക്ക് അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന തുകയെങ്കിലും നൽകണമെന്ന് റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ റേഷൻ കടകൾ- 14165

മുൻഗണനാ കാർഡുകൾ- 40. 39 ലക്ഷം

ആകെ അംഗങ്ങൾ- 1.54 കോടി

ആകെ മഞ്ഞകാർഡ്- 591885

അംഗങ്ങളുട എണ്ണം- 2013339

ആകെ പിങ്ക് കാ‌ർഡ്- 34,47,897

അംഗങ്ങളുടെ എണ്ണം-13440379

റേഷൻ വിതരണവും മസ്റ്ററിംഗും വലിയ കഷ്ടപ്പാടാണ്. ഞായറാഴ്ചകളിലും മസ്റ്ററിംഗ് നടത്താനാണ് നി‌ർദ്ദേശം. ഇതിനു പ്രതിഫലം ലഭ്യമാക്കണം.

-എൻ. ഷിജീർ

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി

കേരള സ്റ്രേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ