
തൃപ്പൂണിത്തുറ: കോണോത്തുപുഴയ്ക്ക് പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ ഫലം കാണാതെ കുരുക്കിൽപ്പെടുകയാണ്.
പുഴയുടെ പുനരുജ്ജീവനത്തിന് ടെൻഡർ നടപടി ആരംഭിക്കുന്നതിനു മുമ്പ് സർക്കാരിൽ നിന്നും സമ്മതം ലഭിക്കണമെന്ന് ജലസേചന വകുപ്പ് ചീഫ് എൻജിനിയർ കത്ത് നൽകിയതാണ് ഏറ്റവും പുതിയ കുരുക്ക്. നവകേരള സദസിൽ ട്രൂറ നൽകിയ നിവേദനത്തിന് മറുപടിയായാണ് എറണാകുളം ജലസേചന വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചാൽ ടെൻഡർ നടപടിയാണ് കീഴ്‌വഴക്കമെന്നിരിക്കെ ടെൻഡറിനു മുൻപ് സർക്കാരിന്റെ കൺകറൻസ് വാങ്ങണമെന്ന ചീഫ് എൻജിനിയറുടെ കത്താണ് കോണോത്തു പുഴയുടെ ടെൻഡർ നടപടിക്രമങ്ങൾ 9 മാസമായി ചുവപ്പുനാടയിൽ കുടുങ്ങാൻ കാരണമെന്നാണ് വിവരം.
പൂത്തോട്ട മുതൽ ഏരൂർ വെട്ടുവേലിക്കടവു വരെ 17 കി.മീറ്റർ ദൈർഘ്യത്തിൽ പുഴയുടെ പുനരുജ്ജീവനത്തിന് 26 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് പദ്ധതി നടപ്പിലാക്കുന്നതിന് ഒന്നാം ഘട്ടമായി പുഴയിലെ ചെളിയും എക്കലും പായലും മാറ്റുന്നതിനും നദിയുടെ തീരം കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്നതിനുമായി 18 കോടിയുടെയും ബാക്കി 8 കോടി രൂപ കണിയാവള്ളി പാലം നിർമാണത്തിനുമായുമുള്ള സാങ്കേതിക അനുമതി ഇറിഗേഷൻ വകുപ്പിൽ നിന്നും നൽകിയിരുന്നു.
തൃപ്പൂണിത്തുറ നഗരസഭയും ആമ്പല്ലൂർ, മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂർ പഞ്ചായത്തുകളിലെ കാർഷിക രംഗത്ത് വലിയ മാറ്റം വരുത്താൻ പദ്ധതി കൊണ്ട് കഴിയും. കൂടാതെ ഈ പുഴയുടെ നവീകരണത്തോടെ തൃപ്പൂണിത്തുറ അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ടിനും പരിഹാരമാകും.
.....................................
26
കോണോത്തു പുഴയുടെ
പുനരുജ്ജീവനത്തിന്
26 കോടി രൂപയുടെ
ഭരണാനുമതി ലഭിച്ചിരുന്നു
..........................................
പുഴയുടെ പുനരുജ്ജീവനത്തിനുള്ള തടസം എത്രയും വേഗം നീക്കണം. ചീഫ് എൻജിനിയറുടെ നിർദേശത്തിനു പിന്നിൽ ദുരൂഹതയുണ്ട്.
വി.പി. പ്രസാദ്( ട്രൂറ ചെയർമാൻ), വി.സി. ജയേന്ദ്രൻ ( കൺവീനർ )