കൊച്ചി: ഭിന്നശേഷിക്കാരനായ ക്ലാസ്- 4 ജീവനക്കാരനെ തുടർച്ചയായി സ്ഥലംമാറ്റിയ നടപടിയിൽ കുസാറ്റിൽ പ്രതിഷേധം.
ഷിജി ഫ്രാൻസിസ് എന്ന ജീവനക്കാരനെയാണ് രണ്ട് മാസത്തിനിടയിൽ ക്യാമ്പസിലെ 3 ഓഫീസുകളിലേക്ക് സ്ഥലംമാറ്റിയത്. ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട പ്രമോഷൻ വൈകുന്നത് ചോദ്യം ചെയ്തതിലുള്ള പകപോക്കലാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
സ്ഥലംമാറ്റ നടപടിയിൽ പ്രതിഷേധിച്ച് കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ രജിസ്ട്രാർ ഓഫീസ് ഉപരോധിച്ചു. സുപ്രീം കോടതി ഉത്തരവും ഭിന്നശേഷി ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് സ്ഥലമാറ്റമെന്ന് യൂണിയൻ കുറ്റപ്പെടുത്തി. വൈസ് പ്രസിഡന്റ് കെ.എസ്.നിസാർ, ജനറൽ സെക്രട്ടറി ആൻസൻ പി. ആന്റണി, എസ്.എച്ച്. ചിത്ര, വി.എസ്. മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.
ഷിജി ഫ്രാൻസിസിന് തത്കാലം നിലവിലുള്ള സ്ഥലത്ത് തുടരാമെന്നും തിങ്കളാഴ്ച്ച വി.സിയുമായി ചർച്ച നടത്തി തീരുമാനമെടുക്കാമെന്നുള്ള രജിസ്ട്രാറുടെ ഉറപ്പിൽ സമരം പിന്നീട് അവസാനിപ്പിച്ചു.
തീരുമാനം തിരുത്തിയില്ലെങ്കിൽ തിങ്കളാഴ്ച വി.സി. ഓഫീസിൽ സമരം ചെയ്യുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.