കൊച്ചി: അടിക്കടിയുള്ള തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജിമാർ ബ്രഹ്മപുരം സന്ദർശിക്കും. പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് ബെച്ചു കുര്യൻ, ജസ്റ്റിസ് ഗോപിനാഥ് എന്നിവർ ആറിന് വൈകിട്ട് 3.30ന് നിലവിലെ പ്ലാന്റും നിർദ്ദിഷ്ട ബി.പി.സി.എൽ മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട പുരോഗതിയും പരിശോധിച്ച് വിലയിരുത്തും.
കഴിഞ്ഞവർഷം മാർച്ചിലുണ്ടായ വൻതീപിടിത്തം ആഴ്ചകളോളം കൊച്ചിയേയും പരിസരമേഖലകളേയും വലച്ചിരുന്നു. കഴിഞ്ഞദിവസവും തീപിടിത്തമുണ്ടായതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.
തുടർന്നും തീപിടിത്തമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഡിവിഷൻബെഞ്ചിന്റെ സിറ്റിംഗിൽ തദ്ദേശ സ്വയംഭരണ സെക്രട്ടറി ഓൺലൈനിൽ ഹാജരായി വിശദീകരണം നൽകി. എച്ച്.എം.ടിയും നിർദ്ദിഷ്ട ജുഡീഷ്യൽ സിറ്റി പരിസരവുമെല്ലാം മാലിന്യമയമാണ്. പ്രദേശത്തെ മാലിന്യം എത്രയുംവേഗം നീക്കണമെന്ന് കളമശേരി നഗരസഭയ്ക്ക് നിർദ്ദേശം നൽകി. ഹർജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കും.