
കോട്ടയം : ഈസ്‌റ്റേൺ സ്ട്രിംഗ് മത്സരത്തിൽ പങ്കെടുത്തത് 27 പേർ. 26 പേരുമെത്തിയത് വയലിനും , വീണയുമായി. പുതുപ്പള്ളിയി കോളേജ് ഒഫ് അപ്ലൈഡ് സയൻസിലെ അവസാന വർഷ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ഷിബിൻ.കെ.ബെന്നി മാത്രം ഗിറ്റാറുമായി. അതും ഡ്രമ്മറായ ചേട്ടൻ സുബിൻ നൽകിയത്. അവതരിപ്പിച്ചത് സ്വാമിനാഥ പരിപാലയ എന്ന ത്യാഗരാജ കൃതി. സദസ്സിലും നിറഞ്ഞ കൈയടി.
10 വർഷത്തിലേറെയായി ഗിറ്റാറിൽ വിസ്മയം തീർക്കുന്ന ഷിബിൻ ചെറുപ്പത്തിൽ മാത്രമാണ് ഗുരുവിന്റെ അടുത്ത് പോയി പഠിച്ചത്. പ്രശസ്ത ഗിറ്റാറിസ്റ്റ് പ്രസന്നയാണ് റോൾ മോഡൽ. മുൻ വർഷം ഗിറ്റാറിൽ രഘുവംശ സുധാംബുധിചന്ദ്രശ്രീ എന്ന കീർത്തനം വായിച്ച് എ ഗ്രേഡ് നേടിയിരുന്നു. ഒപ്പം പഠിക്കുന്ന ജൊഹാനും ഫെബിനുമാണ് ഷിബിന് കട്ട സപ്പോർട്ട്. ഫെബിൻ തബലിസ്റ്റും, ജൊഹാൻ ഗിറ്റാറിസ്റ്റുമാണ്. മാതാപിതാക്കളായ ബെന്നിയും സാലിയും പൂർണ പിന്തുണയാണ്.