ot

കോട്ടയം : കലോത്സവത്തിലെ ഓട്ടൻതുള്ളൽ വേദിയിൽ ഒരു താരത്തിളക്കമുണ്ടായിരുന്നു. സിനിമാ - നാടക നടനും, സഹസംവിധായകനും, ഷോർട്ട് ഫിലിം സംവിധായകനുമൊക്കെയായ തുരുത്തി സ്വദേശി മഹേശ്വർ അശോക്. മഹേശ്വറിന് കലയാണെല്ലാം. വർഷങ്ങളായി ഓട്ടൻതുള്ളൽ പഠിക്കുന്ന മഹേശ്വർ സംവിധായകൻ ജയരാജിന്റെ ദേശീയ അവർഡ് നേടിയ ചിത്രമായ ഭയാനകത്തിലെ അവിഭാജജ്യ ഘടകമായിരുന്നു. അദ്ദേഹത്തിന്റെ തന്നെ നിറയെ തത്തകളുള്ള മരത്തിലും വേഷമിട്ടു. സംവിധായകൻ ജോഷി മാത്യുവിന്റെ മോസ്‌കോ കവല, അങ്ങ് ദൂരെ ഒരു ദേശത്ത് ചിത്രങ്ങളിൽ അഭിനയിച്ച മഹേശ്വർ ഈ ചിത്രങ്ങളുടെ സഹസംവിധായകനുമായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും മുഖം കാണിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച നേച്ചർ ഫിലിം ഫെസ്റ്റിലെ ഷോർട്ട് ഫിലിം വിഭാഗത്തിൽ മഹേശ്വർ സംവിധാനം ചെയ്ത സി.എഫ്.എൽ ദി സൈലന്റ് കില്ലറിനായിരുന്നു അവാർഡ്. ചങ്ങനാശേരി എൻ.എസ്.എസ് ട്രെയിനിംഗ് കോളേജ് വിദ്യാർത്ഥിയാണ്.

നെടുമുടി വേണുവിന്റെ റോളിൽ...

കാവാലാം നാരായണ പണിക്കരുടെ ശിഷ്യനായ മഹേശ്വർ അദ്ദേഹത്തിന്റെ പ്രശസ്തമായ അവനവൻ കടമ്പയിലും അഭിനയിച്ചു. നെടുമുടി വേണുവിന്റെ മരണ ശേഷം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രമായ ഒന്നാംപാട്ടുപരിശ ചെയ്യുന്നത് മഹേശ്വറാണ്. മിമിക്രിയിലും മോണോ ആക്ടിലും പങ്കെടുത്ത മഹേശ്വറിന് മോണോ ആക്ടിൽ എ ഗ്രേഡ് ഉണ്ട്. തത്തനപ്പള്ളി സ്വദേശികളായ അശോക്-രാജി ദമ്പതികളുടെ മകനാണ്. അനിയത്തി വൈഷ്ണവി.