വൈപ്പിൻ: ശാരീരിക വെല്ലുവിളി നേരിട്ട് ശയ്യാവലംബിയായ ഏഴാം ക്ലാസുകാരി അൽഷ അന്നയ്ക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. പക്ഷേ, നായരമ്പലം തൈപ്പറമ്പിൽ സാബുവിന്റെയും ഷിബിയുടെയും മകളായ അൽഷയുടെ ചിന്തയും ഭാവനയും അതിരുകൾക്കതീതം. അവയെല്ലാം അവളുടെ നാവിൻ തുമ്പിൽ നിന്ന് ഉതിർന്നുവീഴും. അമ്മ ഷിബി അതേപടി പകർത്തിയെടുക്കും. അവയെല്ലാം ചേർന്നപ്പോൾ മൂന്ന് കവിതകളും 16 കഥകളും അടങ്ങിയ 'സ്‌നേഹസാഗരം' എന്ന പുസ്തകം പിറന്നു, നായരമ്പലം ബി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥിനിയായ അൽഷയുടെ രണ്ടാം പുസ്തകം. ആദ്യത്തേത് 'മഞ്ഞപാപ്പാത്തി'.
കനിവ് പെയിൻ പാലിയേറ്റീവ് കെയർ നായരമ്പലം വില്ലേജ് കമ്മിറ്റിയും ബി.ആർ.സി വൈപ്പിനും ചേർന്നാണ് അൽഷ അന്നയുടെ 'സ്‌നേഹസാഗരം' പ്രസിദ്ധീകരിച്ചത്. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പ്രകാശനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് ആദ്യ പ്രതി ഏറ്റുവാങ്ങി. കനിവ് പ്രസിഡന്റ് സുമ വേണു അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് പി.കെ. രാജീവ് , വാടേൽ സെന്റ് ജോർജ് പള്ളി വികാരി ഫാ.ഡെന്നി മാത്യു പെരിങ്ങാട്ട്, ജിജി വിൻസെന്റ്, എൻ. കെ.ബിന്ദു, എം.പി. ശ്യാംകുമാർ, കെ.വി. ഷിനു, നായരമ്പലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. ജോഷി, കെ.കെ. ബാബു, സ്‌കൂൾ പ്രിൻസിപ്പൽ പി. മിനി, ഹെഡ്മിസ്ട്രസ് ശ്രീഭദ്ര , കെ. ജി. നന്ദകുമാരൻ, ബി.ആർ.സി അദ്ധ്യാപിക മേരി സൗമ്യ, കനിവ് സെക്രട്ടറി എം.എസ്. സുമേഷ് എന്നിവർ സംസാരിച്ചു. വൈപ്പിൻ ബി.ആർ.സിയിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്ററായ രശ്മിയാണ് അൽഷ അന്നയുടെ സാഹിത്യവാസനകൾക്ക് പ്രോത്സാഹനം നൽകിയത്.