പറവൂർ: പറവൂർ നഗരസഭാ ഓഫീസിന്റെയും ആസ്തികളുടെയും ആധാരങ്ങൾ കാണാതായെന്ന് പരാതി. ഷോപ്പിംഗ് കോംപ്ലക്സുകളുടേത് ഉൾപ്പെടെ പതിനെട്ടിലധികം ആധാരങ്ങളാണ് കാണാതായിട്ടുള്ളത്. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ ആവശ്യപ്പെട്ടു. കൗൺസിൽ യോഗങ്ങളിൽ പ്രതിപക്ഷം ചോദിച്ചപ്പോൾ ഉടൻ ഹാജരാക്കാമെന്ന് പറഞ്ഞ ചെയർപേഴ്സണും വൈസ് ചെയർമാനും ഇപ്പോൾ വ്യക്തമായ മറുപടി പറയാതെ മൗനം പാലിക്കുകയാണ്. പഴയ സെക്രട്ടറി ആധാരങ്ങൾ തനിക്ക് കൈമാറിയിട്ടില്ലെന്നാണ് കസ്റ്റോഡിയനായ മുനിസിപ്പൽ സെക്രട്ടറി അറിയിച്ചത്. ആധാരങ്ങൾ കാണാതായതോടെ വെടിമറയിലെ നഗരസഭ മാലിന്യകേന്ദ്രത്തിന്റെ ലെഗസി വേസ്റ്റ് സംസ്കരണം, നവീകരണ പ്രവർത്തനങ്ങൾ, പത്ത് കോടിയുടെ മുനിസിപ്പൽ സ്റ്റേഡിയം നിർമ്മാണം, അംബേദ്കർ പാർക്ക് നവീകരണം പ്രവർത്തികൾ തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഉടൻ ആധാരങ്ങൾ കണ്ടെത്തി വസ്തുതകൾ ജനങ്ങളെ അറിയിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് എൽ.ഡി.എഫ് കൗൺസിലർമാരായ ടി.വി. നിഥിൻ, ജ്യോതി ദിനേശൻ, ഇ.ജി. ശശി, എം.കെ. ബാനർജി, ജയ ദേവാനന്ദൻ, സജിത എന്നിവർ പറഞ്ഞു.

----------------------------------------------------

പരിശോധന നടക്കുന്നതായി ചെയർപേഴ്സൺ

നഗരസഭയുടെ ആധാരങ്ങൾ സൂക്ഷിക്കുന്നത് അതാത് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്. അടുത്തിടെ അമ്പതിലധികം ഉദ്യോഗസ്ഥർ സ്ഥലംമാറിപ്പോയിട്ടുണ്ട്. അതിനാലാണ് ആധാരങ്ങൾ കണ്ടെത്താൻ താമസമുണ്ടാകുന്നത്. എല്ലാ ആധാരങ്ങളും കണ്ടെത്താൻ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനുശേഷം ഉചിതമായ നടപടികളുണ്ടാകും ബീന ശശിധരൻ

ചെയർപേഴ്സൺ