കോട്ടയം: എം.ജി കലോത്സവത്തിന്റെ ആദ്യ ദിനങ്ങളിൽ ഏവരെയും ഞെട്ടിച്ച് പോയിന്റ് നിലയിൽ ഏഴാം സ്ഥാനം വരെ പിന്നിൽ പോയ മഹാരാജാസ് കോളേജ് ഇന്നലെ വൈകിട്ട് നടത്തിയത് ഉശിരൻ തിരിച്ചുവരവ്. 12ൽ നിന്ന് 39 ലേക്ക് പോയിന്റെത്തിക്കാൻ മഹാരാജാസിന് വേണ്ടി വന്നത് രണ്ടു ദിനങ്ങൾ മാത്രം. 43 പോയിന്റുള്ള തൃപ്പൂണിത്തുറ ആർ.എൽ.വി, 44 പോയിന്റുള്ള ചിരവൈരികളായ സെന്റ്. തെരേസാസ് എന്നീ കോളേജുകളോടാണ് മഹാരാജാസിന്റെ പ്രധാന മത്സരം. ഒന്നാമതുള്ള എസ്.എച്ചിനെ മറികടക്കാൻ മഹാരാജാസിന് ഇനിയുള്ള രണ്ടു ദിവസങ്ങളിൽ നന്നായി വിയർക്കേണ്ടി വരും.
നാടകത്തിന്റെ പോയിന്റിൽ കളി മാറും
മുമ്പ് നടത്തിയ നാടകോത്സവത്തിന്റെ ഫലവും കലോത്സവ ഫലത്തോട് ചേർക്കപ്പെടും. വിജയികൾക്ക് 10 പോയിന്റാണുള്ളത്. മഹാരാജാസായിരുന്നു നാടക വിജയികൾ. ഈ പോയിന്റ് കൂടി കൂട്ടിച്ചേർക്കുമ്പോൾ കപ്പിനായുള്ള പോരാട്ടം തേവര എസ്.എച്ച് കോളേജും മഹാരാജാസും തമ്മിലാകുമെന്ന് ഏറെക്കുറെ ഉറപ്പ്. ഏവരെയും ഞെട്ടിച്ച് ഒരു വേള രണ്ടാം സ്ഥാനം വരെയെത്തിയ കാലടി ശ്രീശങ്കര കോളേജ് 18 പോയിന്റുകൾ മാത്രമായി ആറാം സ്ഥാനത്തേക്ക് പതിച്ചതും മഹാരാജാസിന് ആശ്വസമായി. ഡാൻഡ് വിഭാഗത്തിൽ പത്താം സ്ഥാനത്തു നിന്ന് ഒന്നാമതെത്തിയതും സാഹിത്യ വിഭാഗത്തിൽ അഞ്ചിൽ നിന്ന് മൂന്നാം സ്ഥനത്തേക്ക് കയറിയതുമാണ് നേട്ടമായത്. കൊച്ചിയിൽ നടന്ന കഴിഞ്ഞ കലോത്സവത്തിൽ 130 പോയിന്റു നേടി ഒന്നാമതെത്തിയ സെന്റ് തെരേസാസിനു തൊട്ടു പിന്നിലായി 110 പോയിന്റോടെ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ടവരാണ് മഹാരാജാസ്.