
കൊച്ചി: മകൾ വീട് പൂട്ടി പുറത്താക്കിയ അമ്മയെ അടിയന്തരമായി വീട്ടിൽ തിരിച്ചു കയറ്റാൻ ഫോർട്ടുകൊച്ചി സബ് കളക്ടർ കെ.മീര മരട് പൊലീസിന് ഉത്തരവ് നൽകി. വൈറ്റില തൈക്കൂടം എ.കെ.ജി റോഡ് കാരേപ്പറമ്പ് വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ 78കാരി സരോജിനിയുടെ പരാതിയിലാണ് ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമപ്രകാരമാണ് നടപടി.
രാത്രി തന്നെ പൊലീസ് സരോജിനിയെയും കൂട്ടി വീട്ടിലെത്തിയെങ്കിലും അകത്ത് പ്രവേശിപ്പിക്കാൻ തയ്യാറായില്ല. എസ്.ഐ ലിബിമോന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പുറത്ത് നിറുത്തി മടങ്ങി. തുടർന്ന് രാത്രി വൈകിയും സരോജിനി ഗേറ്റിന് മുന്നിൽ കുത്തിയിരിക്കുകയാണ്.
മകൾ ജിജോയാണ് ദിവസങ്ങൾക്ക് മുമ്പ് വീടുപൂട്ടി താക്കോലുമായി പോയത്. സിജി പ്രസാദ് എന്ന ഇളയ മകളും ഒപ്പം താമസിപ്പിച്ചില്ല. 1980ൽ ഭർത്താവ് മരിച്ച ശേഷം സരോജിനി തൂപ്പുജോലിക്ക് പോയി നിർമ്മിച്ചതാണ് അഞ്ച് സെന്റ് ഭൂമിയിലെ രണ്ട് വീടുകളും. തന്നെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുമെന്ന വ്യവസ്ഥയോടെ ധന നിശ്ചയാധാരപ്രകാരം രണ്ടു വീടുകളും വിവാഹിതരായ പെൺമക്കൾക്ക് നൽകി. ജിജോയുടെ ഒപ്പമാണ് സരോജിനി താമസിച്ചിരുന്നത്. തൊട്ടുചേർന്നുള്ള വീട് വാടകയ്ക്ക് നൽകി മാമംഗലത്തെ ഭർതൃവീട്ടിലാണ് സിജി കഴിയുന്നത്.
രണ്ട് ആധാരങ്ങളും റദ്ദ് ചെയ്യണമെന്നും വീട്ടിൽ കയറാൻ സൗകര്യം ചെയ്യണമെന്നും ജീവിത ചെലവിന് രണ്ട് മക്കളിൽ നിന്നും മാസം 10000 രൂപവീതം ഈടാക്കി നൽകണമെന്നും ആവശ്യപ്പെട്ടാണ് അമ്മ സബ് കളക്ടറെ സമീപിച്ചത്.
ഉത്തരവ് പാർട്ടി രക്തസാക്ഷി
വിദ്യാധരന്റെ വിധവയ്ക്കെതിരെ
ഉദയംപേരൂരിലെ പാർട്ടി രക്തസാക്ഷി വിദ്യാധരന്റെ വിധവ ജിജോയ്ക്കും സഹോദരിക്കും എതിരെയാണ് സബ് കളക്ടറുടെ ഉത്തരവ്. പ്രശ്ന പരിഹാരത്തിന് പാർട്ടി ലോക്കൽ കമ്മിറ്റിയെയും ഏരിയാ കമ്മിറ്റിയെയും അമ്മ സമീപിച്ചെങ്കിലും അവർ സഹായിക്കാൻ തയ്യാറായില്ല. കടവന്ത്രയിലെ അനിൽകുമാർ എന്നയാൾക്കൊപ്പമാണ് ജിജോ ഇപ്പോൾ താമസിക്കുന്നതെന്ന് സരോജിനിയുടെ പരാതിയിൽ പറയുന്നു. നിരവധി വിവാദങ്ങളുടെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖ ട്രേഡ് യൂണിയൻ നേതാവാണ് ഇയാളത്രെ. സരോജിനിയുടെ അപേക്ഷ പ്രകാരം എസ്.എൻ.ഡി.പി. യോഗം വൈറ്റില ശാഖയാണ് ഇവർക്ക് അഭയം നൽകിയിരുന്നത്. ശാഖാംഗങ്ങളുടെ വീടുകളിലായിരുന്നു ഇവരുടെ താമസം.