ആലുവ: മണപ്പുറത്ത് മാർച്ച് എട്ടുമുതൽ ആരംഭിക്കേണ്ട ശിവരാത്രി വ്യാപാരമേളയുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണിത്.നഗരസഭയുമായി ആദ്യം കരാർ ഉണ്ടാക്കിയ ഫൺ വേൾഡ് മണപ്പുറത്ത് അമ്യൂസ്‌മെന്റ് പാർക്കിനും വ്യാപാരമേളയ്ക്കും ആവശ്യമായ 90 ശതമാനം ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കെയാണ് ടെൻഡറിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ഷാ എന്റർടെയ്‌മെന്റിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നത്. ചുരുങ്ങിയത് മൂന്നാഴ്ച്ചയെങ്കിലും ഒരുക്കങ്ങൾക്ക് ആവശ്യമാണ്. ശിവരാത്രിക്ക് ഇനി ആറ് ദിവസം മാത്രമാണ് അവശേഷിക്കുന്നത്.പതിനൊന്നാം മണിക്കൂറിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കരുതെന്ന ഹൈക്കോടതിയുടെ മറ്റൊര് ഉത്തരവും നിലനിൽക്കുന്നുണ്ട്. കോടതി ഉത്തരവ് പ്രകാരം സാധനസാമഗ്രികൾ മണപ്പുറത്ത് നിന്ന് നീക്കുന്നതിന് പോലും ഫൺവേൾഡിന് ദിവസങ്ങൾ വേണ്ടിവരും. ടെൻഡറിൽ 1.17 കോടി രൂപ ക്വാട്ട് ചെയ്തിരുന്ന ഷാ എന്റർടെയ്ൻമെന്റിനെ ഒഴിവാക്കി 77 ലക്ഷം രൂപയ്ക്ക് ഫൺ വേൾഡിന് കരാർ നൽകിയതിനെതിരെ ഷാ എന്റർടെയ്ൻമെന്റ് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ 20ന് നഗരസഭ കരാർ ഉണ്ടാക്കിയെങ്കിലും 21ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇത് സ്റ്റേ ചെയ്തു. ഈ സ്റ്റേയാണ് സുപ്രീംകോടതി റദ്ദാക്കിയത്.ശിവരാത്രി ആഘോഷം ഇക്കുറി നടക്കണമെങ്കിൽ ഫൺവേൾഡും ഷാ ഗ്രൂപ്പും തമ്മിൽ ധാരണയുണ്ടാക്കുകയാണ് പോംവഴിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.