കൊച്ചി: കാത്തിരിപ്പിന് വിരാമം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ ഒരുനോക്ക് കാണാൻ അമ്മ പ്രേമകുമാരി അടുത്ത വെള്ളിയാഴ്ച യെമനിലേക്ക് തിരിക്കും. വിസ കഴിഞ്ഞദിവസം വീട്ടിലെത്തി. ഡൽഹി ഹൈക്കോടതി വിധിയാണ് യാത്രയ്ക്ക് വഴിതുറന്നത്. മുംബയിൽ നിന്ന് യമൻ അതിർത്തിയിലെ ഏദനിലേക്കാണ് യാത്ര. അവിടെ നിന്നും റോഡ് മാർഗം യെമൻ തലസ്ഥാനമായ സനായിലെത്തും.

നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധികൾ യെമൻ അംബാസഡറുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കുടുംബത്തെ നേരിൽക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് യെമന്റെ അയൽരാജ്യമായ ജി​ബൂട്ടി​യി​ലെ ഇന്ത്യൻ എംബസി മുഖേനയുള്ള ശ്രമം. യെമൻ പൗരന്റെ കുടുംബം അനുവദിച്ചാൽ മാത്രമേ വധശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ രക്ഷിക്കാനാവൂ. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനുമായി​ ഇപ്പോൾ ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമി​ല്ല.

വധശി​ക്ഷ യെമൻ സുപ്രീം കോടതിയും ശരിവച്ചിരുന്നു. പ്രേമകുമാരിക്കൊപ്പം യെമനിലെത്താൻ സന്നദ്ധപ്രവർത്തകനായ സാമുവൽ ജെറോമിനും അനുമതി ലഭിച്ചിട്ടുണ്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ . 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. സനായിലെ ജയിലിലാണ് നിമിഷ പ്രിയ കഴിയുന്നത്. വി​മത വി​ഭാഗമായ ഹൂതി​കളുടെ നി​യന്ത്രണത്തി​ലാണ് ഇപ്പോൾ സനാ.

വർഷങ്ങൾക്ക് ശേഷം മകളെ ഒരു നോക്ക് കാണാമെന്ന മോഹത്തിലാണ് പ്രേമകുമാരി. ഏഴ് വർഷത്തിലേറെയായി എറണാകുളം താമരച്ചാലിലെ വീട്ടിൽ ജോലി ചെയ്യുകയാണ് പ്രേമകുമാരി.